CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2008, നവംബർ 7, വെള്ളിയാഴ്‌ച

അക്കാദമി കഥകള്‍ പാര്‍ട്ട്‌ - 2

അമലിന്റെ അരിയുണ്ടകള്‍

അക്കാദമി ഹോസ്റ്റലില്‍ കൊല്ലംകാരന്‍ അയ്യപ്പദാസായിരുന്നു എന്റെ സഹമുറിയന്‍. ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ 9ാം നമ്പര്‍ മുറിയായിരുന്നു എന്റേത്‌. തിരെ അടുക്കും ചിട്ടയും ഇല്ലാത്ത റും. എന്നാല്‍ വലിയ മോശവുമില്ല. റൂമിന്റെ ഷെല്‍ഫില്‍ ഞങ്ങള്‍ കഴിച്ച മദ്യക്കുപ്പികള്‍ അടുക്കിവെക്കുമായിരുന്നു. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെടാവുന്ന സ്വകാര്യ സ്വന്ത്‌. ഹോസ്റ്റല്‍ വിട്ടപ്പോള്‍ ഈ കുപ്പികള്‍ വിറ്റുതന്നെ ഞങ്ങള്‍ രണ്ടോ മൂന്നോ ഫൂള്‌ വാങ്ങിയിരുന്നു. രസകരമായിരുന്നു അക്കാദമി ഹോസ്റ്റലിലെ ഒരു വര്‍ഷം. ദിവസങ്ങളല്ല ഓരോ നിമിഷം പോലും ഏറെ രസകരമായി കടന്നു പോയ നാളുകള്‍. ഒരിക്കലും വിട്ടുമായാത്ത ഓര്‍മ്മകള്‍. ഇനി ഒരിക്കലും തിരച്ചുകിട്ടില്ല എന്ന്‌ ബോധ്യമുള്ളവ.

അക്കാദമി ഹോസ്റ്റലില്‍ പതിമൂന്ന്‌ മുറികളാണ്‌ ഉള്ളത്‌. എന്റെ ബാച്ചില്‍ എല്ലാമുറികളും നിറഞ്ഞിരുന്നു. ആകെ 26 അന്തേവാസികളായിരുന്ന ഹോസ്റ്റലില്‍. 14 ജില്ലകളില്‍ നിന്ന്‌ എത്തിയവര്‍. ഞാനും അയ്യപ്പനും ഏകദേശമൊക്കെ ഓരോ സ്വഭാവക്കാരായിരുന്നു. വെള്ളമടിക്കും, പുസ്‌തകമോ പത്രമോ വായിക്കില്ല, സുഖമായി ഉറങ്ങും, ആവിശ്യത്തിനും, അനാവശ്യത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആവോളം ചെയ്യും. പക്ഷെ ഹോസ്റ്റലില്‍ എല്ലാ മുറികളും ഇങ്ങനെയായിരുന്നില്ല. ഒരിക്കലും ചേരാത്തവര്‍ ചില മുറികളില്‍ താമസിച്ചിരുന്നു. എല്ലാവരെയും ഞാന്‍ വഴിയേ പരിചയപ്പെടുത്താം. ഞങ്ങളുടെ നേരെ എതിരെയുള്ള മുറിയിലെ സഹവാസികള്‍ അമല്‍ രവി എന്ന സ്റ്റെല്‍മാനും, തിമ്മന്‍ എന്ന പാവം മഹേഷുമായിരുന്നു. (തിമ്മനെക്കുറിച്ച്‌ ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞതാണ്‌). അമലും ഞാനും അയ്യപ്പനും ഓരേ ബാച്ചിലാണ്‌്‌. മഹേഷ്‌ വേറെ ബാച്ചിലാണ്‌. കഴിഞ്ഞ തവണത്തേതു പോലെ ഒരു വലിയ ക്രൂരകൃത്യത്തിന്റെ കഥയാണ്‌ ഞാന്‍ ഇവിടെയും പറയുന്നത്‌. അമല്‍രവിയോട്‌ ഞാനും അയ്യപ്പനും ചെയ്‌ത കൊടിയ ക്രൂരത. (കഴിഞ്ഞ കഥയില്‍ കൂട്ടാളി തങ്കച്ചന്‍, ഈ കഥയില്‍ അയ്യപ്പന്‍, ഞാന്‍ മാത്രം മാറുന്നില്ല. ഇതുകൊണ്ട്‌ ഞാന്‍ ഒരു സ്ഥിരം ക്രൂരനും, കുരുത്തംകെട്ടവനാണെന്ന്‌ തെറ്റുദ്ധരിക്കരുത്‌.) പക്ഷെ ഹാജിയാരുടെ വാതിലു പൊളിച്ചതുപോലെ എനിക്ക്‌ ഈ അമലിനോട്‌ ചെയ്‌ത ക്രൂരതയിലും ഇന്നും പശ്ചാത്താപമില്ല. കാരണം അവന്‍ പെണ്‍കുട്ടികളോട്‌ ഏറെ സംസാരിച്ചിരുന്നു. എനിക്കാണെങ്കില്‍ ഞാനല്ലാതെ വേറെയെവനെങ്കിലും പഞ്ചാരയടിക്കുന്നത്‌ ലവലേശം സഹിക്കില്ല. ജന്മനായുള്ള എന്റെ ഒരു ക്വാളിറ്റിയാണത്‌. അമലും മഹേഷും സഹമുറിയന്‍മാരായതിനാല്‍ അവര്‍ തമ്മില്‍ മിണ്ടുന്നത്‌ അപൂര്‍വ്വ കാഴ്‌ചയായിരുന്നു. അമല്‍ വലിയ ജാഡക്കാരനാണ്‌. എപ്പോഴും ഷൂവും, തൊപ്പിയും ഒക്കെ ധരിച്ച്‌ ഇന്‍ചെയ്‌ത്‌ വലിയ ഗെറ്റപ്പിലേ അവന്‍ നടക്കു. ഉറങ്ങാന്‍ കിടന്നാലും ടിയാന്റെ വേഷങ്ങളില്‍ വലിയ മാറ്റമൊന്നും വരാറില്ല. അത്രക്ക്‌ കേമന്‍. (ഇതു വായിക്കുമ്പോള്‍ അമല്‍ മോശക്കാരനാണെന്ന്‌ ആരും ധരിക്കരുത്‌. അവനെക്കുറിച്ച്‌ ഞാന്‍ പറയുന്നതെല്ലാം ഞങ്ങളുടെ അന്നെത്ത ധാരണകള്‍ വെച്ചാണ്‌. ടിയാന്‍ സത്യത്തില്‍ വളരെ പാവവും സത്യസന്ധനുമാണ്‌.) എന്നാല്‍ മഹേഷ്‌ നേരെ തിരിച്ചാണല്ലോ. അവന്‍ പാവവും ശുദ്ധഗതിക്കാരനുമാണ്‌. അമല്‍ ഫുള്‍ജാഡക്കാരനും, ഒരു മേല്‍ക്കോയ്‌മക്കരനുമാണ്‌. തിമ്മനെക്കൊണ്ട്‌ അമല്‍ എന്നും റൂം വൃത്തിയാക്കിക്കും. ഇതില്‍ തിമ്മിന്‌ യാതൊരു പരാതിയുമില്ല. പാവം അവന്‍ മനുഷ്യസ്‌നേഹിയായതുകൊണ്ട്‌ ഒരു പരാതിയുമില്ലാതെ ഇത്‌ ചെയ്യും. എന്നാല്‍ സ്വന്തം കിടപ്പുമുറി വൃത്തിയാക്കുന്നത്‌ ലോകത്തിലെ ഏറ്റവും അനാവശ്യകാര്യമാണെന്ന്‌ കരുതിയിരുന്ന എനിക്കും അയ്യപ്പനും ഇതില്‍ വലിയ സങ്കടമുണ്ടായിരുന്നു. അമലിനെ ഒതുക്കാന്‍ വേണ്ടി ഞങ്ങള്‍ തിമ്മനെ ഞങ്ങളോടൊപ്പം നില്‍ക്കാന്‍ ക്ഷണിച്ചു പക്ഷെ സഹമുറിയനോടുള്ള ആത്മാര്‍ഥത കാരണം അന്ന്‌ അവന്‍ അത്‌ കേട്ടില്ല. അമലില്‍ നിന്നും പാവപ്പെട്ടവനായ മഹേഷിനെ അഥവാ തിമ്മനെ രക്ഷിക്കാന്‍ ``സേവ്‌ തിമ്മന്‍ ഫോറം'' ഞാനും അയ്യപ്പനും രൂപികരിച്ചിരുന്നു. ആക്കഥയും ഞാന്‍ പിന്നീടൊരിക്കല്‍ പറയാം. അമലിനോടുള്ള ശത്രുത അങ്ങനെ എന്റെ മനസില്‍ കൊടുമ്പിരി കൊള്ളുമ്പോളാണ്‌ ഒരു കാര്യം അയ്യപ്പന്റെ ശ്രദ്ധയില്‍ പെട്ടത്‌. അമല്‍ ഒരു പെണ്‍കുട്ടിയുമായി ചില്ലറ ചുറ്റിക്കളി. ചുറ്റിക്കളി എന്ന്‌ പറഞ്ഞാല്‍ അമല്‍ മാത്രമാണ്‌ ചുറ്റിക്കളിച്ചുകൊണ്ടിരിക്കുന്നത്‌. അവള്‍ക്ക്‌ അത്രക്ക്‌ പിടികൊടുക്കുന്നുമില്ല. എന്നാലും ഞാനും അയ്യപ്പനും വിപന്‍സുമൊക്കെയടങ്ങുന്ന സുന്ദരന്‍മാരുടെ ലോബി ഇരിക്കെച്ചെയ്‌താണ്‌ അമല്‍ ഈ സാഹസത്തിന്‌ മുതിര്‍ന്നിരിക്കുന്നത്‌. (നമ്മുടെ കഥാകാരി പാവം അമലിനെ അലപം വട്ടാക്കുന്നുമുണ്ട്‌ എന്ന്‌ ഞങ്ങള്‍ പിന്നീടാണ്‌ അറിഞ്ഞത്‌. പാവം അമലിനെക്കൊണ്ട്‌ രാത്രികാലങ്ങളില്‍ മിന്നാമിനുങ്ങുകളെ പിടിപ്പിക്കുക, വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിപ്പിക്കുക തുടങ്ങിയ ക്രൂരതകള്‍ ഞങ്ങളെപ്പോലെ ഇവളും ഇവനോട്‌ ചെയ്‌തിരുന്നു.) അമലിനെ ഞാനും അയ്യപ്പനും ചേര്‍ന്ന്‌ പ്രത്യക്ഷമായും പരോക്ഷമായും ദ്രോഹിച്ചതിന്‌ കണക്കില്ല. ( അമലേ എനിക്ക്‌ ഇപ്പോഴും പശ്ചത്താപമില്ലെങ്കിലും നീയെന്നോട്‌ ക്ഷമിക്കുക) ആ ദ്രോഹങ്ങളോരോന്നായി ഞാന്‍ പറയാം. ഇപ്പോള്‍ അമലിനോട്‌ ചെയ്‌ത ആദ്യത്തെ ക്രൂരത ഞാന്‍ വിവരിക്കാം. ഈ ക്രൂരത എത്രത്തോളം കടുത്തുപോയെന്ന്‌ വായിക്കുന്നവര്‍ തീരുമാനിക്കുക. അമല്‍ എല്ലായാഴ്‌ചയിലും വീട്ടില്‍ പോകും. (ഞാന്‍ ഹോസ്റ്റലില്‍ വന്നതില്‍ പിന്നെ ആകെ നാലോ, അഞ്ചോ തവണയാണ്‌ വീട്‌ കണ്ടത്‌, കാസര്‍കോഡ്‌കാരന്‍ സിജോ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയിട്ടേയില്ല). വരുമ്പോള്‍ എന്തെങ്കിലും അമല്‍ ഭക്ഷിക്കാന്‍ കൊണ്ടുവരും. കൊണ്ടുവരുന്നത്‌ എല്ലാവര്‍ക്കും വീതിച്ച്‌ തരുമെന്ന്‌ കരുതരുത്‌. അളിയന്‍ അത്‌ തന്നേ തിന്നും. അത്‌ അവന്റെ നല്ല ശീലമാണ്‌. കുറെ നാളായി ഈ സാമദ്രോഹി ഈ പതിവ്‌ തുടങ്ങിയിട്ട്‌. അമലിനെ ശരിക്കും ഒന്ന്‌ ഒതുക്കാന്‍ തന്നെ ഞാനും അയ്യപ്പനും തീരുമാനിച്ചു. ഒരിക്കല്‍ അമല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നത്‌ അരിയുണ്ടയായിരുന്നു. മകന്‌ എന്നും ഭക്ഷിക്കാന്‍ വീട്ടുകാര്‍ പ്രത്യേകമായി തയാറാക്കി നല്‍കിയിരിക്കുന്ന അരിയുണ്ടകള്‍. ഒരു അരിയുണ്ട തിന്നാല്‍ പിന്നെ അന്നത്തെ ദിവസം ഭക്ഷണം കഴിക്കണ്ട. അതുപോലെ മുഴുത്ത്‌ കൊഴുത്ത അരിയുണ്ടകള്‍. ഇത്തവണ അമല്‍ അരിയുണ്ടകള്‍ കുറെപേര്‍ക്കൊക്കെ പങ്കുവെച്ച്‌ കൊടുത്തു. എന്റെയും അയ്യപ്പന്റെയും മുറിയിലെത്തി ഒരു അരിയുണ്ട പകുത്ത്‌ നല്‍കി. പാതി അരിയുണ്ടയില്‍ എന്നെ ഒതുക്കിയതില്‍ എനിക്ക്‌ അമര്‍ഷം തോന്നിയെങ്കിലും തുറന്നു പറഞ്ഞില്ല. തിമ്മനു പോലും അമല്‍ ഒരു അരിയുണ്ടയുടെ പകുതിയെ നല്‍കിയുള്ളു. പക്ഷെ അമലിന്റെ ഇഷ്‌ടക്കാരും താഴത്തെ ഫ്‌ളോറിലെ മര്യാദരാമന്‍മാരായ ഭാസിക്കും റൗഫിനും ഒരു അരിയുണ്ട തിന്നാനുള്ള ഭാഗ്യം ഉണ്ടായി. അമലിന്റെ വലിയ കൂട്ടുകാരാണ്‌ അവര്‍. അതാണ്‌ ഒരു അരിയുണ്ട ലഭിച്ചത്‌. ഇതില്‍ എനിക്ക്‌ ഭാസിയോടും, റൗഫിനോടും അല്‌പം കുശുമ്പും തോന്നി. എന്റെ പാതി അരുയുണ്ട ഒറ്റ `ഗ്ലപ്പിന്‌' വയറ്റിലാക്കിയിട്ട്‌ ഞാന്‍ ഭാസി നുണഞ്ഞു തിന്നുന്ന ഒറ്റ അരിയുണ്ടയിലേക്ക്‌ പാളിനോക്കി. അവന്‍ ആ ഒറ്റ അരിയുണ്ട ആസ്വദിച്ച്‌ തിന്നുകയാണ്‌. അരിയുണ്ട ഉണ്ടാക്കിയ രീതികള്‍ വിവരിച്ച്‌ അമല്‍ സ്വാദ്‌ കൂട്ടിക്കൊടുക്കുന്നുമുണ്ട്‌. എല്ലാംകൊണ്ടും കുശുമ്പും അമര്‍ഷവും എന്നില്‍ വളര്‍ന്നു വലുതായി. ഇതിന്‌ അമലിനെ പണിഞ്ഞിട്ടുതന്നെ കാര്യം. ഞാന്‍ തിരുമാനിച്ചു. കുറച്ച്‌ ദിവസങ്ങള്‍ കടന്നു പോയി അമലിനിട്ട്‌ പണികൊടുക്കാന്‍ ഒരു കാര്യം കിട്ടുന്നില്ല. അമല്‍ വൈകിട്ട്‌ പുറത്തുപോകുമ്പോള്‍ ഞാനും അയ്യപ്പനും തിമ്മന്റെയും അമലിന്റെയും റൂമില്‍ ചെല്ലും. തിമ്മനുമായി വെടിവട്ടവുമായി അങ്ങനെ ഇരിക്കും. (അമല്‍ ഇല്ലാത്തപ്പോഴെ ഞങ്ങള്‍ ആറൂമില്‍ കയറാറുള്ളു.) അങ്ങനെ ഒരു വെള്ളിയാഴ്‌ച വൈകിട്ട്‌ അമല്‍ റൂമില്‍ ഇല്ലാത്തപ്പോള്‍ അവരുടെ റൂമില്‍ ഞങ്ങള്‍ ഇരിക്കുകയാണ്‌. അടുത്ത രണ്ട്‌ ദിവസം അവിധിയായതിനാല്‍ തിമ്മന്‍ വീട്ടില്‍ പോകാനുള്ള തയാറെടുപ്പിലാണ്‌. ഞങ്ങള്‍ രണ്ടു പേരും അമലിന്റെ വൃത്തിയുള്ള കട്ടിലില്‍ ഇരിക്കുന്നു. അമല്‍ കാണാതെ അവന്റെ വിരിച്ച്‌ വെടിപ്പാക്കിയിട്ടിരിക്കുന്ന ബെഡ്ഡില്‍ നാടുമുഴുവന്‍ തെണ്ടിയിട്ട്‌ വന്ന ചെരുപ്പിട്ട്‌ ചവിട്ടുന്നത്‌ എന്റെ സ്വകാര്യ സുഖങ്ങളില്‍ ഒന്നാണ്‌. അങ്ങനെ ചെരുപ്പിട്ട്‌ അവന്റെ കട്ടില്‍ ചവിട്ടിയിരുന്ന്‌ സുഖിക്കുമ്പോഴാണ്‌ എവിടെ നിന്നോ ഒരു മണം വരുന്നത്‌. ഞാന്‍ ഒന്നുകൂടി ശ്വാസം വലിച്ച്‌ മണം പിടിച്ചു. അതേ അരിയുണ്ടയുടെ മണം!. റൂമില്‍ എവിടെയോ അരിയുണ്ട ഒളിപ്പിച്ചിട്ടുണ്ടെന്ന്‌ എന്റെ മനസു പറഞ്ഞു. വാതില്‍ പതിയെ കുറ്റിയിട്ട്‌ ഞാനും അയ്യപ്പനും ഒരു സെര്‍ച്ച്‌ നടത്തി. അതാ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ കൂടില്‍ കെട്ടിവരിഞ്ഞു മുറിക്കിയ നിലയില്‍ അമ്പതോളം അരിയുണ്ടകള്‍. ഹോ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാനാണ്‌ എനിക്ക്‌ തോന്നിയത്‌. കാരണം അമലും അന്ന്‌ വീട്ടില്‍ പോകുകയാണ്‌. അപ്പോള്‍ തന്നെ ഞങ്ങള്‍ ഓരോ അരിയുണ്ടകള്‍ ശാപ്പിട്ടു. മനസ്സിനാകെ ഒരു കുളിര്‍മ്മ. (ഹാജിയാരുടെ വാതില്‍ പൊളിച്ചപ്പോള്‍ അനുഭവപ്പെട്ട അതേ കുളിര്‍മ്മ) (എന്ത്‌ തോന്നിയവാസം കാണിച്ചാലും എന്റെ മനസില്‍ ഈ കുളിര്‍മ്മ അനുഭവപ്പെടും) അരിയുണ്ടകള്‍ പഴയുതപോലെ കട്ടിലിനടിയില്‍ സൂക്ഷിച്ച്‌ ഞങ്ങള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഇരുന്നു. പത്ത്‌ മിനിട്ട്‌ കഴിഞ്ഞപ്പോള്‍ അമല്‍ എത്തി. പതിയെ തന്റെ ബാഗൊക്കെ ശരിയാക്കി. അവന്‍ പോകാന്‍ തുടങ്ങുകയാണ്‌. ഞാന്‍ പതുക്കെ അമലിനോട്‌ ചോദിച്ചു. `` അളിയാ നിന്റെ അരിയുണ്ട എല്ലാം തീര്‍ന്നോടാ, ഇരുപ്പുണ്ടോ ഒരെണ്ണം തിന്നാന്‍''. അമല്‍ നന്നായിത്തന്നെ ഒന്നു ഞെട്ടിയത്‌ എനിക്ക്‌ ഇപ്പോളും ഓര്‍മ്മയുണ്ട്‌. പക്ഷെ ഞെട്ടല്‍ മറച്ച്‌ അളിയന്‍ വിനീതനായി പറഞ്ഞു. ``മൊത്തവും അന്നേ തീര്‍ന്നളിയ ഉണ്ടെങ്കില്‍ നിനക്കൊക്കെ തരില്ലേ''. ശരിയെന്ന്‌ ഞങ്ങള്‍ തലകുലിക്കി. തിര്‍ന്നുപോയ അരിയുണ്ടകളെ ഓര്‍ത്ത്‌ വിഷമിക്കുന്നതായി ഭാവിച്ചു. മനസില്‍ പന്ന ഡാഷ്‌ മോനെ എന്ന്‌ വിളിച്ചു. അമല്‍ പതിയെ പോയി. അവന്റെ വീട്‌ കായംകുളത്താണ്‌. ഇനി തിങ്കളാഴചയെ ലാന്‍ഡ്‌ ചെയ്യു. അമല്‍ പോയതും വീണ്ടും ഞങ്ങള്‍ അരിയുണ്ട്‌ പായ്‌ക്കറ്റ്‌ കയ്യിലെടുത്തു. ഇനി ഇവിടെ എന്റെയും അയ്യപ്പന്റെയും സാമ്രാജ്യമാണ്‌. അടിച്ചു തകര്‍ക്കണം. ഓരോ അരിയുണ്ടകള്‍ കൂടി ഞങ്ങള്‍ മൂവരും തിന്നു. എന്റെ മനസ്സിലെ കുളിര്‍മ്മ മനസുപൊട്ടിച്ച്‌ പുറത്തു ചാടുമെന്ന സ്ഥിതിയായി. വീട്ടില്‍ പോകാന്‍ നിന്ന തിമ്മനെ രണ്ട്‌ അരിയുണ്ടകള്‍ കൂടി തീറ്റിച്ച്‌ ഞങ്ങള്‍ യാത്രയാക്കി. അമല്‍ പോകുമ്പോള്‍ റൂം പൂട്ടിയിട്ടാണ്‌ പോകുക. തിമ്മനും പോകുമ്പോള്‍ റൂം പുട്ടും. എല്ലാ റൂമുകള്‍ക്കും രണ്ട്‌ താക്കോലുണ്ട്‌. ഇതുകൊണ്ട്‌ ഞങ്ങള്‍ റൂമില്‍ കയറില്ലെന്നും താന്‍ ഒളിച്ചു വെച്ചിരിക്കുന്ന അരിയുണ്ട കാണില്ലെന്നുമുള്ള ധൈര്യത്തിലാണ്‌ അമല്‍ രവി പോയിരിക്കുന്നത്‌. പക്ഷെ തിമ്മന്റെ കൈയ്യില്‍ നിന്നും ഞങ്ങള്‍ റൂമിന്റെ താക്കോല്‍ വാങ്ങിവെച്ചിരുന്നു. ഇനി രണ്ടു ദിവസം ഈ റൂംകൂടി ഞങ്ങളുടെ സാമ്രാജ്യത്തില്‍ പെടും. അന്ന്‌ രാത്രിയായപ്പോളേക്കും ഞങ്ങള്‍ പത്ത്‌ അരിയുണ്ടകള്‍ അകത്താക്കി. വേറൊന്നും കഴിക്കാന്‍ പറ്റുന്നില്ല. അരുയുണ്ട അത്രക്ക്‌ ഹെവിയാണ്‌. എന്താ ചെയ്യുക നേരെ പ്രേമേട്ടന്റെ കടയില്‍ ചെന്ന്‌ രാവിലെ വരുന്ന ചെത്തുകാരന്റെ കയ്യില്‍ നിന്നും നാല്‌ കുപ്പികള്ള്‌ വാങ്ങി വെക്കാന്‍ ഏര്‍പ്പാടാക്കി. അമല്‍ വരുമ്പോളേക്കും ഈ അരിയുണ്ടകള്‍ മൊത്തവും തിന്നു തീര്‍ത്ത്‌ അവനോട്‌ പ്രതികാരം ചെയ്യുക എന്ന ദൈത്യം ഞാന്‍ മനസ്സില്‍ ഏറ്റെടുത്തു. അയ്യപ്പനും അതേ ദൈത്യം അതേ സമയം മനസ്സില്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. എന്തൊരു മനപ്പൊരുത്തം. എനിക്ക്‌ എന്റെ റൂമേറ്റിന്റെ ദുസ്വാഭാവങ്ങളില്‍ എന്നത്തെയും പോലെ വലിയ അഭിമാനം തോന്നി. രാവിലെ തന്നെ ചെത്തുകാരന്റെ കൈയ്യില്‍ നിന്നും ഹോസ്റ്റലില്‍ ശേഷിച്ചിട്ടുള്ള തെണ്ടികളും പിശാചുക്കളുമൊന്നും കാണാതെ ഞങ്ങള്‍ മുറിയിലെത്തിച്ചു. അമലിന്റെ അരിയുണ്ട പായ്‌ക്കറ്റ്‌ അതേ പോലെ ഞങ്ങളുടെ മുറിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്‌തു. കള്ളും അരിയുണ്ടയും. മികച്ച കോമ്പിനേഷന്‍. മനസാകെ കുളിര്‍മ്മ കൊണ്ട്‌ കോരിത്തരിക്കുന്നു. അമലിന്റെ അരിയുണ്ടകള്‍ ഓരോന്നായി തിന്നുമ്പോള്‍ ഞാന്‍ അവയില്‍ `കറുമുറെ' കടിക്കുന്നുണ്ടായിരുന്നു. അമലിനോടുള്ള പക കുറെയൊക്കെ അങ്ങനെ തീര്‍ത്തു. അമലിന്റെ വീട്ടുകാര്‍ നല്ല അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത്‌ തയാറാക്കിയ പൊന്നരിയുണ്ടകള്‍ എന്റെ നോക്കി വീര്‍പ്പടക്കുന്നുണ്ടായിരുന്നു. നല്ല മെഴുമെഴുത്ത അരിയുണ്ടകള്‍ എനിക്ക്‌ വാശിയായി. തീറ്റയുടെ വേഗം കൂടി. കള്ള്‌ പതിയെ തലക്ക്‌ പിടിച്ചുതുടങ്ങി. അപ്പോഴാണ്‌ താഴെ മുറ്റത്ത്‌ ഗോപാകൃഷ്‌ണന്‍ സിറിള്‍, അഭിലാഷ്‌, ഭാസി റൗഫ്‌ തുടങ്ങിവന്‍മാര്‍ ക്രിക്കറ്റ്‌ കളി തുടങ്ങിയത്‌. ക്രിക്കറ്റ്‌ അവന്‍മാര്‍ക്ക്‌ ഭ്രാന്താണ്‌. മണ്ടന്‍മാര്‍. ജനലില്‍ കൂടി കളി ഞങ്ങള്‍ വീക്ഷിക്കം. അവന്‍മാര്‍ക്ക്‌ താഴെ നിന്ന്‌ നോക്കിയാല്‍ കാണാന്‍ പറ്റാത്ത രീതിയില്‍ ഇരുന്ന്‌ അരിയുണ്ടയും കള്ളുമടിക്കും. സുഭിക്ഷമായി ഉച്ചവരെ തള്ളനീക്കി. കള്ള്‌ നല്ലതുപോലെ തലക്ക്‌ പിടിച്ചു. അപ്പോഴാണ്‌ ഗോലാപകൃഷ്‌ണന്‍ എന്തിനോ രണ്ടാം നിലയിലേക്ക്‌ കയറി വരുന്നത്‌. ഗോപാലന്‍ നമ്മുടെ സെറ്റാണ്‌. ഞങ്ങള്‍ എന്ത്‌ തൊട്ടിത്തരം കാണിച്ചാലും ആരോടും പറയില്ല. ഉത്തമനായ മനുഷ്യന്‍. പതിയെ വാതില്‍ തുറന്ന്‌ ഞാന്‍ ഗോപാലനെ അകത്തേക്ക്‌ വിളിച്ചു. അരിയുണ്ടയില്‍ ഒരെണ്ണം കൈയ്യില്‍ വെച്ചുകൊടുത്തു. `ഇതെവിടുന്നു ഒപ്പിച്ചളിയാ', ഗോപാലന്‌ അത്ഭുതം. ചുമ്മാ തിന്നിട്ടു പോഅളിയാ, പിന്നെ തഴെചെന്ന്‌ ഈ സെറ്റപ്പ്‌ വിളമ്പെട്ടാ. ഞാന്‍ ഗോപാലനെ താക്കിത്‌ ചെയ്‌തുവിട്ടു. പത്ത്‌ മിനിട്ടുകള്‍ കൂടി കഴിഞ്ഞു. ``സിക്‌സര്‍'', താഴെ ഗോപാലന്റെ അലര്‍ച്ച. എനിക്ക്‌ കാര്യം മനസിലായി അകത്തുചെന്ന അരിയുണ്ട ഗോപാലനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. പുള്ളി സിക്‌സര്‍ പായിച്ചതിന്റെ ഒച്ചയാണ്‌. പെട്ടന്നാണ്‌ വാതിലില്‍ മുട്ട്‌ കേള്‍ക്കുന്നത്‌. അരിയുണ്ടയും കള്ളുമൊളിപ്പിച്ച്‌ വാതില്‍ തുറക്കുമ്പോള്‍ വാതില്‍ക്കല്‍ ഗോപാലനാണ്‌. ``അളിയാ, അരിയുണ്ട ബാക്കിയുണ്ടോ ഉണ്ടെങ്കില്‍ രണ്ടെണ്ണം കൂടി താ. ഇന്ന്‌ കളിയൊന്ന്‌ കലക്കണം''. ?ഗോപാലന്‍ ഉത്സാഹത്തിലാണ്‌. രണ്ട്‌ മുഴുത്ത അരിയുണ്ടകള്‍ നോക്കിതന്നെ ഗോപാലന്‍ കൊടുത്തു. ഗോപാലന്‍ പിന്നെയും തഴെ ചെന്ന്‌ സിക്‌സറുകള്‍ പറത്തി. നാലുമണിയായപ്പോഴേക്കും അരിയുണ്ടകള്‍ ഏതാണ്ട്‌ ഇരുപതെണ്ണം മാത്രം ബാക്കിയായി. പിറ്റേന്ന്‌ രാവിലെയും രണ്ട്‌ കുപ്പിക്കള്ള്‌ റൂമിലെത്തിച്ചു. ബാക്കി അരിയുണ്ടകളും ഞങ്ങളുടെ വയറ്റിലായി. മനസ്സിന്റെ കുളിര്‍മ്മ അതിന്റെ ഉച്ചസ്ഥായില്‍ നിന്ന്‌ വീര്‍പ്പുമുട്ടി. തിങ്കള്‍ രാവിലെ വളരെ പതിയെയായാണ്‌ ഞങ്ങള്‍ ഉണര്‍ന്നത്‌. വളരെ വിഷമിച്ച്‌ ക്ലാസില്‍ വരെയെത്തി. ഇടവേളയില്‍ തിമ്മനെ കണ്ടു. അരിയുണ്ട കാലിയാക്കിയെന്ന്‌ തിമ്മനെ കണ്ണുകാണിച്ചു. അമല്‍ കളത്തില്‍ എത്തിയിട്ടുണ്ട്‌. നാലു മണിക്ക്‌ അവന്‍ പാത്തുപതുങ്ങി അരിയുണ്ട അകത്താന്‍ ചെല്ലുമെന്ന്‌ എനിക്കറിയാം. കട്ടിലിനടിയില്‍ അമല്‍ അരിയുണ്ട തപ്പുന്നതും , ഞെട്ടുന്നതും, നഷ്‌ടമായ അരിയുണ്ടകളെ ഓര്‍ത്ത്‌ കരയുന്നതും ഞാന്‍ സ്വപ്‌നം കണ്ടു. അതുതന്നെ സംഭവിച്ചു. അമല്‍ ചെന്നപ്പോള്‍ അരിയുണ്ടകള്‍ കാണിനില്ല. ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ. തീര്‍ന്നു പോയി എന്ന്‌ പ്രഖ്യാപിച്ചതിനു ശേഷം പാത്തുവെച്ച്‌ തിന്നിരുന്ന അരിയുണ്ടകള്‍. അവയാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. രണ്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ ഇതിന്റെ റിയാക്ഷന്‍ അമലില്‍ നിന്ന്‌ ഉണ്ടായത്‌. എന്നാലും ഞങ്ങളാണ്‌ പണി കൊടുത്തത്‌ എന്ന്‌ അമല്‍ അറിഞ്ഞില്ല. ആക്കഥ അടുത്ത തവണ പറയാം കൂട്ടുകാരെ ഇപ്പോള്‍ ഇവിടെ
നിര്‍ത്താം.

കലാകൃഷ്‌ണന്‍.

2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ചില അക്കാദമി കഥകള്‍ ..........

ചില അക്കാദമി കഥകള്‍ ..........
അക്കാദമി കഥകള്‍ എന്ന്‌ പറയുമ്പോള്‍ വലിയ വലിയ അക്കാദമി കാര്യങ്ങളാണ്‌ ഞാന്‍ ഇവിടെ പറയുന്നതെന്ന്‌ വിചാരിക്കരുത്‌. കൊച്ചി പ്രസ്സ്‌ അക്കാദമിയില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്തെ ചില തട്ടുപൊളിപ്പന്‍ കഥകളാണിത്‌. അക്കാദമി ഹോസ്റ്റലിലെ ഒരു വര്‍ഷം കഥകളുടെ വലിയ പുസ്‌തകമാണ്‌. അതിനു ശേഷം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി തൊഴിലില്ലായ്‌മ അനുഭവിച്ച്‌ കഴിഞ്ഞ ഒരു വര്‍ഷത്തിലും കഥകള്‍ക്ക്‌ യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ സുഹൃത്തുക്കള്‍ എല്ലാം ഓരോ വഴിക്കായിരിക്കുന്നു. പലരെയും കാണുന്നത്‌ തന്നെ അപൂര്‍വ്വം. എന്നാലും കഥകള്‍ക്ക്‌ എന്നും നല്ല തെളിച്ചമാണ്‌ മനസ്സില്‍. കഥകള്‍ അല്ല അവ ചില നല്ല അനുഭവങ്ങള്‍. എന്നും ഓര്‍മ്മിക്കവാന്‍ രസമുള്ളവ....
അക്കാദമിയില്‍ നിന്നും പുറത്തെത്തിയതിനു ശേഷം ഞങ്ങള്‍ വാടകക്ക്‌ താമസിച്ച ആദ്യത്തെ വീട്‌ കാക്കനാട്ടെ ഹാജിയാരുടേതായിരുന്നു. അക്കാദമിയുടെ തൊട്ടടുത്ത്‌ ന്നെയാണ്‌ ഈ വാടക വീട്‌. ഹാജിയാര്‍ അവിടുത്തെ വലിയ മുസ്സിം പ്രമാണിയും പണക്കാരനുമൊക്കെയാണ്‌. ഹാജിയാരുടെ മകന്‍ അതിലും വലിയ പുള്ളിയാണ്‌. മരുമക്കളെല്ലാം പേരുകേട്ടവര്‍. എന്തിന്‌ ഏറെ പറയണം ഹാജിയാരുടെ വീട്ടിലെ സാദാ ജോലിക്കാര്‍ വരെ കേമന്‍മാര്‍. അങ്ങനെയുള്ള ഹാജിയാരുടെ വാടക വീടാണ്‌ മാസം 1200 രൂപ വാടകക്ക്‌ ഞങ്ങള്‍ സ്വന്തമാക്കി താമസം മാറിയത്‌. വാടക വീട്‌ അതും കൊച്ചിയില്‍ 1200 രൂപക്ക്‌ എന്ന്‌ കേട്ട്‌ ഞെട്ടെണ്ട. വീട്‌ എന്ന്‌ ഞങ്ങള്‍ ഒരു ജാഡക്ക്‌ പറയുന്നതാണ്‌. ഒപ്പമുണ്ടായിരുന്ന സിജോ ജോസഫ്‌ ( ടിയാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററാണ്‌.) ഈ വാടക വീടിനെ ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ `ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സ്‌' എന്ന്‌ നാമകരണം ചെയ്‌തു. അപ്പോള്‍ പുറത്ത്‌ പറയാന്‍ ഒന്നുകൂടി ഗമയായി. പക്ഷെ സത്യത്തില്‍ ഈ ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സ്‌ ഒരു ചെറിയ മുറികള്‍ അടങ്ങിയ ഒരു ചായ്‌പ്‌ മാത്രമായിരുന്നു എന്നതായിരുന്നു സത്യം. ഇവിടെ താമസിക്കുന്നത്‌ മുഴുവന്‍ ബാച്ചിലേഴ്‌സ്‌ ആണ്‌. കാക്കനാട്‌ നെസ്റ്റില്‍ പണിയെടുക്കുന്ന കുറെ ചെറുപ്പക്കാര്‍ ഞങ്ങളുടെ അടുത്ത മുറികളില്‍ ഉണ്ട്‌. അവര്‍ നിത്യേന പണിയെടുത്ത്‌ അത്യാവശ്യം നന്നായി സമ്പാദിച്ച്‌ അടിച്ചു പൊളിച്ച്‌ കഴിയുന്നവരാണെങ്കിലും ഞങ്ങള്‍ക്ക്‌ അവരോട്‌ പുശ്ചമാണ്‌. കാരണം ഞങ്ങള്‍ പത്രപ്രവര്‍ത്തകരാണല്ലോ. (അങ്ങനെ അപ്പോള്‍ ആയിട്ടില്ലെങ്കിലും, ആണെന്ന്‌ തന്നെയാണ്‌ ഒരുവെയ്‌പ്പ്‌.) നാല്‌ ബാച്ചുകള്‍ക്കായി മൂന്ന്‌ മുറികള്‍ വീതമുള്ള പോര്‍ഷന്‍ വീതിച്ചു നല്‍കിയിരിക്കുകയാണ്‌ ഹാജിയാര്‍ ഇവിടെ. പലപ്പോഴായി ഞങ്ങളുടെ കൂടെ പഠിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ഇവിടെ താമസിച്ചിട്ടുണ്ട്‌. കൊച്ചിയില്‍ തന്നെയാണെങ്കിലും അരുണ്‍ എം.ആര്‍ (ടിയാന്‍ ഇപ്പോള്‍ കൊച്ചിയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടറാണ്‌) എന്ന എം.ആറിനെപ്പോലുള്ളവന്‍മാര്‍ വേറെയും വരും. ഞങ്ങളുടെ ആരുടെയും സുഹൃത്തല്ലാത്ത കണ്ണൂരിലെ നാട്ടില്‍ നിന്നും ഒളിച്ചോടി ്‌ എത്തിയ, പിന്നീട്‌ ഞങ്ങളുടെ വലിയ കൂട്ടുകാരനായ വിനോദ്‌ എന്ന കൗസു വരെ ഇവിടെയാണ്‌ തമസിച്ചത്‌. ( ഇവന്‍ താമസിയാതെ സ്‌കൂള്‍ അധ്യാപകനായി എന്ന അബന്ധം സംഭവിച്ചു.) ഇവിടെയും ഒരുപാട്‌ കഥകള്‍ അരങ്ങേറിയിട്ടുണ്ട്‌. ആ കഥകളും കഥാപാത്രങ്ങളുമൊക്കെ ഞാന്‍ പലപ്പോഴായി പറയാം.ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സിലെ ഏറ്റവും മികച്ച കഥ `തങ്കച്ചന്‍' എന്ന കഥാപാത്രം ഉള്‍പ്പെടുന്നതാണ്‌. (ടിയാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ഒരു ന്യൂസ്‌ പോര്‍ട്ടലില്‍ സബ്ബ്‌ എഡിറ്ററാണ്‌). താമസം തുടങ്ങി ഏകദേശം ആറ്‌ മാസം കഴിയുമ്പോളാണ്‌ ഞാനും തങ്കച്ചനും ഒത്തുചേര്‍ന്ന്‌ ആ `ക്രൂര പ്രവര്‍ത്തി' ചെയ്‌തത്‌. ക്രൂരമെന്ന്‌ പറഞ്ഞാല്‍ ഒരു ഹൗസ്‌ഓണര്‍ക്കും പത്ത്‌ ജന്മം കഴിഞ്ഞാലും മറക്കാനും പൊറുക്കാനും കഴിയാത്ത ക്രൂരത. അങ്ങനെയൊരു പാതകം ഞങ്ങള്‍ ഹാജിയാരോടു ചെയ്‌തു. (പക്ഷെ എന്റെയും തങ്കച്ചന്റെയും മനസ്സില്‍ അഞ്ച്‌ നായാപൈസയുടെ കുറ്റബോധം അന്നും ഇല്ല ഇന്നും ഇല്ല.)ഞങ്ങള്‍ അക്കാദമികൂട്ടുകാരുടെ ഏറ്റവും പ്രീയപ്പെട്ടവനായ തിമ്മന്‍ എന്ന വിളിപ്പേരുള്ള മഹേഷ്‌ കുമാറാണ്‌ ഹാജിയാരോട്‌ വീട്‌ വാടകക്ക്‌ എടുത്ത്‌ കരാര്‍ ഒപ്പിട്ടത്‌. ( ഇദ്ദേഹം ഇപ്പോള്‍ കൊച്ചിയിലെ ഒരു ചാനല്‍ ഡെസ്‌കില്‍ അന്താരാഷ്‌ട്ര വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നു.) `കര്‍ക്കശക്കാരന്‍, പരോപകാരി, സത്യസന്ധന്‍, അടക്കുംചിട്ടയുമുള്ളവന്‍, മറ്റുള്ളവരുടെ കാശുവാങ്ങിയാല്‍ തിരിച്ചുകൊടുക്കണം എന്ന്‌ നിര്‍ബന്ധമുള്ളവന്‍, പെണ്‍കുട്ടികളെ മഹിളാരത്‌നങ്ങളായി കരുതി ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവന്‍'... തിമ്മനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ക്ക്‌ ഈ ബ്ലോഗിന്റെ സ്‌പെയിസ്‌ മതിയാവില്ല. അതുകൊണ്ട്‌ ഇപ്പോള്‍ ഇത്രയും മതി. സൗകര്യം കിട്ടുമ്പോള്‍ ഇനിയും പുകഴ്‌ത്താം. ഇങ്ങനെയൊക്കെയുള്ള തിമ്മന്‍ വാടകക്കരാര്‍ ഒപ്പിട്ടതിനാല്‍ അവിടെ കൃത്യമായി വാടക കൊടുക്കണം എന്ന്‌ ആഗ്രഹമുള്ള ഏക വ്യക്തിയും തിമ്മനായി മാറി. ബാക്കിയാര്‍ക്കും അങ്ങനെയൊരു ഭാവമേയില്ല. പ്രത്യേകിച്ചും സജേഷിന്‌. (ടിയാനും ഇപ്പോള്‍ ചാനല്‍ മാധ്യമപ്രവര്‍ത്തകനാണ്‌) എനിക്കും തീരെയില്ല. പക്ഷെ വല്ലപ്പോഴുമൊക്കെ ഞാന്‍ തിമ്മന്റെ പക്ഷത്തും നില്‍ക്കും. (ഇതിന്‌ പിന്നില്‍ ചില കാരണങ്ങളുണ്ട്‌ അത്‌ പിന്നീട്‌ പറയാം)അതെല്ലാം പോട്ടെ ഞാനും തങ്കച്ചനും ഹാജിയാരോട്‌ ചെയ്‌ത ക്രൂരതയിലേക്ക്‌ വരാം. ഇവിടെ പ്രധാന കഥ അതാണല്ലോ? ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തപ്പെട്ട മിടുക്കന്‍മാരും ബുദ്ധിജീവികളുമായ ഞങ്ങളെല്ലാം മികച്ച മടിയന്‍മാരുമായിരുന്നു. എങ്ങനെ കൃത്യമായി ഇവരെല്ലാം ഒത്തു ചേര്‍ന്നു എന്ന്‌ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. അത്രക്ക്‌ കോമ്പിനേഷനായിരുന്നു അവിടെ താമസിച്ച ഞങ്ങള്‍ പത്ത്‌ പന്ത്രണ്ട്‌ പേര്‍ തമ്മില്‍. എന്നാല്‍ ദിവസങ്ങള്‍ കഴിയെ എല്ലാവന്റെയും കീശ കാലിയായി തുടങ്ങി. വിശപ്പ്‌ സഹിക്കാന്‍ നിവൃത്തിയില്ലാതെ മിക്കവനും കിട്ടുന്ന ജോലിക്കൊക്കെ പോകാന്‍ തുടങ്ങി. (ഞാനും, തങ്കച്ചനും ഒഴിച്ച്‌) ജോലി കിട്ടിതെ വന്നവര്‍ വീട്ടിലേക്ക്‌ പോയി തുടങ്ങി. അവസാനം പകല്‍ ആ ക്വാര്‍ട്ടേഴ്‌സില്‍ ഞാനും തങ്കച്ചനും ഒറ്റപ്പെട്ട ദിവസങ്ങള്‍ വന്നു ചേര്‍ന്നു. തങ്കച്ചന്‍ എന്റെ ജുനിയറായി അവിടെ പഠിച്ചു കൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അവന്‌ അക്കാദമിയിലേക്ക്‌ പോകാറില്ല. ഫുള്‍ടൈം ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സിലെ അന്തേവാസിയാണ്‌. അങ്ങനെ വിശന്ന്‌ വലഞ്ഞ്‌ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ കിണറ്റില്‍ നിന്നും വെള്ളവും കോരിക്കുടിച്ച്‌ ഞാനും തങ്കച്ചനും അങ്ങനെ കട്ടിലില്‍ നീണ്ടു നിവര്‍ന്ന്‌ കിടക്കുകയാണ്‌. ഞാന്‍ ചില അന്താരാഷ്‌ട്ര കാര്യങ്ങള്‍ തങ്കച്ചനോട്‌ പറഞ്ഞ്‌ വിശപ്പകറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തങ്കച്ചന്‌ അതിന്‌ സാധിക്കുന്നില്ല എന്ന്‌ എനിക്ക്‌ മനസിലായി. വിശന്ന്‌ ബോറടിച്ചാല്‍ തങ്കച്ചന്‍ പിന്നെ ഭ്രാന്തനാകും. ചുമ്മാ കിടന്ന്‌ കൂവുക, ഓടി നടക്കുക ഇതൊക്കെയാണ്‌ അപ്പോഴത്തെ കലാപരിപാടികള്‍. അങ്ങനെ കൂവിക്കൊണ്ടിരിക്കുന്നതിനിടയിലാണ്‌ തങ്കച്ചന്റെ ശ്രദ്ധ റുമിലെ വാതിലിലേക്ക്‌ ചെന്നു പെട്ടത്‌. ``ഈ വാതില്‍ ആണ്‌ ഇനി കഥയിലെ പ്രധാന കഥാപാത്രം. അതുകൊണ്ട്‌ ഇനി വാതലിനെ പരിചയപ്പെടുത്താം. ഈ വാതിലുകള്‍ തടികൊണ്ടുള്ളവയല്ല. പകരം ചുറ്റു പലകയില്‍ അലുമിനിയും ഷീറ്റ്‌ അടിച്ചു വെച്ചിട്ടുള്ളവയാണ്‌. എന്നുവെച്ചാല്‍ ഒരു വാതിലില്‍ ചുരുങ്ങിയത്‌ പൊളിച്ചു കൊടുത്താല്‍ 300 രൂപ കിട്ടാന്‍ മാത്രമുള്ള അലുമിനിയും തകിടുണ്ട്‌''. ഇതിന്റെയൊരു സാമ്പത്തിക ലാഭം പെട്ടന്ന്‌ തങ്കച്ചന്റെ തലയില്‍ ഓടി. പതിയെ എന്റെ തലയിലും ആ മഹത്തായ ആശയം തെളിഞ്ഞു വന്നു. (ഞങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടെ താമസിച്ച ആര്‍ക്കും ഈ ആശയം തോന്നാതിരുന്നതിന്‌ അന്ന്‌ ഞാന്‍ ദൈവത്തോട്‌ നന്ദി പറഞ്ഞു. കാരണം അല്ലെങ്കില്‍ ഞങ്ങള്‍ക്ക്‌ വേണ്ടി ഈ വാതിലുകള്‍ ഇവിടെ കാണില്ലായിരുന്നല്ലോ)പതിയെ തങ്കച്ചന്‍ തന്റെ ആയുധങ്ങളായ സ്‌ക്രൂഡ്രൈവന്‍, പേനാക്കത്തി, കമ്പിവടി എന്നിവയൊക്കെ തപ്പിയെടുത്തു (ഇതുപോലുള്ള മാരാകായുധങ്ങള്‍ ഞങ്ങള്‍ താമസിച്ചിടങ്ങളിലെല്ലാം സ്റ്റോക്ക്‌ ഉണ്ടായിരുന്നു)ഞങ്ങള്‍ താമസിക്കുന്ന പോര്‍ഷനിലെ മൂന്ന്‌ മുറികളില്‍ ഏറ്റവും അവസാനത്തേതും അടുക്കളയായി തിമ്മന്‍ കണക്കുകൂട്ടിയിരിക്കുന്നതുമായ മുറിയുടെ വാതിലിലാണ്‌ ഞാനും തങ്കച്ചനും ആദ്യം കൈവെച്ചത്‌. വെറും പത്ത്‌ മിനിറ്റ്‌ കൊണ്ട്‌ ആ വാതില്‍ പൊളിച്ചടുക്കി. ചുറ്റുപലകയില്‍ നിന്ന്‌ അലുമിനിയും ഷീറ്റ്‌ അടര്‍ത്തി മാറ്റി ഒടിച്ചു മടക്കി ഒരു കവറിലാക്കി. ഇതിനിടിയില്‍ ഞാന്‍ ശ്വാസം പോലും വിട്ടില്ല എന്നതാണ്‌ സത്യം. കാരണം ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സിന്റെ പുറത്ത്‌ ഹാജിയാരുടെ പറമ്പില്‍ അയാളുടെ ശില്‍ബന്ധികള്‍ ജോലി ചെയ്യുന്നുണ്ട്‌. അവന്‍മാരെല്ലാം ഘജാഘടിയന്‍മാരും മല്ലന്‍മാരുമാണ്‌. അവന്‍മാരെങ്ങാനും ഞങ്ങളുടെ ഈ മഹനീയ കര്‍മ്മ കണ്ടാല്‍ തീര്‍ന്നു. പത്രപ്രവര്‍ത്തക വിദ്യാഭ്യാസത്തിന്റെ മഹത്വം നോക്കാതെ അവന്‍മാര്‍ ഞങ്ങളെ ഒടിച്ചു മടക്കും. അത്‌ എനിക്ക്‌ നന്നായി അറിയാം. അതുകൊണ്ട്‌ പതുക്കെ മടക്കിയെടുത്ത അലുമിനിയം പാളി ഒരു പ്ലാസ്റ്റിക്ക്‌ കൂടിലാക്കി. എന്ന്‌ ചെറിയൊരു കുളി പാസാക്കി. നല്ല ജീന്‍സും ഷര്‍ട്ടുമിട്ടു. പൗഡര്‍ ശരീരത്തില്‍ വാരിവിതറി. സ്‌പ്രേ പൂശി. ( ഈ സൗന്ദര്യ വര്‍ദ്ധക സാമഗ്രികള്‍ പഠനം കഴിഞ്ഞപ്പോള്‍ തന്നെ ്‌ ഇംഗ്ലീഷ്‌ പത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലി കിട്ടിയ ബാബുവിന്‌ പത്രസമ്മേളനങ്ങളില്‍ ഗിഫ്‌റ്റ്‌ കിട്ടുന്നതാണ്‌. അല്ലാതെ കാശകൊടുത്തു വാങ്ങുന്നതല്ല.) അങ്ങനെ നല്ല സുന്ദരക്കുട്ടപ്പന്‍മാരായി ഞാനും തങ്കച്ചനും കവറുമെടുത്ത്‌ ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തിറങ്ങി. ഹാജിയാരുടെ വീടിന്റെ മുമ്പില്‍ കൂടിയാണ്‌ മെയിന്‍ റോഡിലേക്ക്‌ കടക്കേണ്ടത്‌. മെയിന്‍ റോഡിലേക്ക്‌ എത്താറായപ്പോള്‍ അതാ റോഡ്‌ സൈഡില്‍ ഞങ്ങളുടെ എപ്പോഴെത്തെയം പേടി സ്വപ്‌നങ്ങളായ ഹാജിയാരും, മകനും നില്‍ക്കുന്നു. ( നാല്‌ മാസത്തെ വാടക കൊടുക്കാനുള്ളതിനാലാണ്‌ ഞങ്ങള്‍ക്ക്‌ ഈ പേടി.) ഞങ്ങള്‍ മിടുക്കന്‍മാരായി വരുന്നത്‌ കണ്ടപ്പോളെ ഹാജിയാരുടെ മട്ടുമാറി. ``എവിടെടാ കഴിഞ്ഞ നാലു മാസത്തെ വാടക''. ഹാജിയാര്‍ രോഷം കൊണ്ടലറി. ഹോ എന്റെ ഗ്യാസ്‌ കംപ്ലിറ്റ്‌ പോയി. എന്നാലും ഹാജിയാരുടെ രോഷ പ്രകടനം ഞങ്ങളോടല്ല എന്ന ഭാവത്തില്‍ ഞങ്ങള്‍ അടിച്ചുവിട്ടു നടന്നു. മനസ്സില്‍ ഹാജിയാരോടുള്ള ആത്മരോഷം അപ്പോള്‍ നുരഞ്ഞു പൊന്തുകയായിരുന്നു. (ആ നിമിഷം തന്നെ പൊളിക്കാവുന്ന വാതിലുകള്‍ മുഴുവന്‍ ഇവിടെ നിന്നും പൊളിച്ചുമാറ്റുമെന്ന്‌ ഞാന്‍ മനസ്സില്‍ ശപഥം ചെയ്‌തു.)അലുമിനിയം ഷീറ്റുമായി ഞങ്ങള്‍ നേരെ ആക്രി കടയിലെത്തി. ജീവിതത്തില്‍ ആദ്യമായി, താമസിക്കുന്ന വീടിന്റെ വാതില്‍ പൊളിച്ചു വിറ്റ വകയില്‍ കിട്ടിയത്‌ 320 രൂപയായിരുന്നു. അത്‌ മൂന്നര വര്‍ഷങ്ങള്‍ക്ക്‌ ശേഷവും എനിക്ക്‌ നല്ല ഓര്‍മ്മയുണ്ട്‌. (പിന്നീട്‌ ജോലികിട്ടി ആദ്യ ശമ്പളം വാങ്ങിയപ്പോള്‍ പോലും എനിക്ക്‌ വാതില്‍ പൊളിച്ചുവിറ്റ്‌ വാങ്ങിയ 320 രൂപയുടെ സന്തോഷം തോന്നിയിട്ടില്ല. തങ്കച്ചനും ഇതേ മാനസികാവസ്ഥ ആയിരുന്നിരിക്കണം.)മൂന്നുറ്റി ഇരുപത്‌ രൂപക്ക്‌, പോത്ത്‌ ബിരിയാണി, ഓറഞ്ച്‌ ജ്യൂസ്‌, ചിക്കന്‍ ഫ്രൈ എന്നിവ അയോധ്യാ ഹോട്ടലില്‍ കയറി വെട്ടി വിഴുങ്ങി. മനസ്സിനും ശരീരത്തിനും ആകെ ഒരു കുളിര്‍മ്മ. എന്തോ വലിയ കാര്യം ചെയ്‌ത പോലെ ഒരു തോന്നല്‍. അടുത്തുള്ള ബിക്ലാസ്‌ തീയറ്ററില്‍ ആറുമണിക്ക്‌ വിജയുടെ സിനിമയായ തിരുമലൈ കാണാന്‍ ഞാനും തങ്കച്ചനും കൂടി പോയി. അപ്പോഴേക്കും ശരീരത്തിനും, മനസ്സിനും അനുഭവപ്പെട്ട കുളിര്‍മ്മ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി. തീയറ്റനു പുറത്തുള്ള കടയില്‍ നിന്നും ചായയും പഫ്‌സും വാങ്ങിത്തിന്‌ ഞങ്ങള്‍ വീണ്ടും സംതൃപ്‌തി അടഞ്ഞു. എല്ലാം കഴിഞ്ഞ്‌ ബാക്കി വന്ന പത്ത്‌ രൂപക്ക്‌ തീയറ്ററിനു മുന്നില്‍ കണ്ട്‌ ഐസു വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്ന്‌ രണ്ട്‌ സ്റ്റിക്ക്‌ ഐസ്‌ വാങ്ങിത്തിനു. ഹൊ; എന്താ ഒരു സുഖം. ഒരു ലോകം വെട്ടിപ്പിടിച്ച പോലെ. (അങ്ങനെ താമസിക്കുന്ന വീടിന്റെ വാതില്‍ പൊളിച്ചു വിറ്റ്‌ ഞങ്ങള്‍ ചരിത്രത്തില്‍ ഇടം തേടാന്‍ പ്രാപ്‌തരായി. വിശപ്പ്‌ ഞങ്ങളെകൊണ്ട്‌ ചെയ്യിപ്പിച്ചതാണെങ്കിലും എനിക്ക്‌ ഈ കൃത്യത്തില്‍ വലിയ അഭിമാനം തോന്നിയിരുന്നു. ഇപ്പോഴും തോന്നുന്നു.) രാത്രി ഒമ്പത്‌ മണിയായപ്പോള്‍ തിരികെ ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. അവിടെ തിമ്മന്‍, ബാബു, സജേഷ്‌, സിറിള്‍, ഗോപാലകൃഷ്‌ണന്‍, വിജു, സിജോ തുടങ്ങിയവര്‍ അവരുടെ അന്നത്തെ പണി കഴിഞ്ഞ്‌ വന്നു കിടപ്പുണ്ട്‌. ( സജേഷും, സിറിളും മാത്രം ജോലിക്കു പോകുന്നതല്ല, അവരുടെ ബൗദ്ധിക വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും മറ്റുമായി പോകുന്നതാണ്‌. ഈ കഥകളും ഞാന്‍ പിന്നീട്‌ പറയാം.) എന്ന സന്തോഷിപ്പിച്ച കാര്യം ഞങ്ങള്‍ വാതില്‍ പൊളിച്ചത്‌ ആരും അറിഞ്ഞിട്ടില്ല എന്നതാണ്‌. എല്ലാവനെയും ജീവിത പ്രശ്‌നങ്ങള്‍ നന്നായി അലട്ടിയിരുന്നതിനാല്‍ ഇതൊന്നും ശ്രദ്ധിച്ചില്ല എന്നത്‌ തന്നെ സത്യം. അരെങ്കിലും അറിഞ്ഞാലും ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ തന്നെ ഒരു വീരസാഹസിക കഥ പോലെ ഈക്കാര്യം എല്ലാവന്‍മാരെയും പറഞ്ഞ്‌ കേള്‍പ്പിക്കാനിരിക്കുകയാണ്‌. പക്ഷെ തിമ്മന്‍ സംഗതി അറിയാന്‍ പാടില്ല. കാരണം അവന്റെ ഗുണഗണങ്ങള്‍ ഞാന്‍ മുമ്പ്‌ പറഞ്ഞല്ലോ. അവന്‍ പ്രശ്‌നമുണ്ടാക്കും. അവന്‍ സത്യസന്ധനാണ്‌. പക്ഷെ ആരും സംഗതി അറിഞ്ഞില്ല. ആരോടും ഞങ്ങള്‍ പറഞ്ഞില്ല. അടുത്ത ദിവസം വേഗം പുലര്‍ന്നു. റൂമില്‍ നിന്നും തിമ്മന്‍ ആദിയായ പ്രഭുതികള്‍ ഓരോ വഴിക്ക്‌ പോയി. ആരൊക്കെയോ എന്നെയും തങ്കച്ചനെയും ചുമ്മാ പുറത്ത്‌ പോകാം എന്ന്‌ പറഞ്ഞ്‌ വിളിച്ചു. വരുന്നില്ലെന്ന്‌ പറഞ്ഞ്‌ ഞങ്ങള്‍ ഒന്നുകൂടി കട്ടിലില്‍ ചേര്‍ന്ന്‌ കിടന്നു. സമയം പതിനൊന്ന്‌ മണി. അടുത്ത പോര്‍ഷനുകളിലെ പിള്ളാരും പോയിക്കഴിഞ്ഞു. ഞാനും തങ്കച്ചനും കര്‍മ്മനിരതരായി. സ്‌ക്രൂഡ്രൈവര്‍, പേനാക്കത്തി തുടങ്ങി പണിയാധുങ്ങള്‍ കൈയ്യിലെടുത്ത്‌ കിടപ്പുമുറിയുടെ വാതിലിനെ ഉന്നം വെച്ചു. പത്തു നിമിഷങ്ങല്‍കൊണ്ട്‌ ആ വാതിലും പൊളിച്ചടുക്കി. അലുമിനിയും ഷീറ്റ്‌ ചുറ്റുപലകയില്‍ നന്നായി അടിച്ച്‌ ഉറപ്പിച്ചിരുന്നതിനാല്‍ ഇളക്കാന്‍ അല്‌പം പാടായിരുന്നു. എന്നാലും ശ്രമകരമായ ജോലി പൂര്‍ത്തിയായി. ഹാജിയാര്‍ എന്ന പണക്കാരനെ ഓര്‍ത്തപ്പോള്‍ എന്റെ മനസ്സില്‍ ഒരു കായംകുളംകൊച്ചുണ്ണി രൂപപ്പെട്ടു. പഴയതു പോലെ സുന്ദരക്കുട്ടപ്പന്‍മാരായി അലുമിനിയം ഷീറ്റ്‌ കവറിലാക്കി ഞാനും തങ്കച്ചനും ആക്രികട ലക്ഷ്യമാക്കി നടന്നു. വഴിയില്‍ തടസങ്ങളൊന്നുമില്ല. ദൈവം പോലും ഞങ്ങളുടെ സൈഡിലായിരുന്നു. മൂന്നൂറ്‌ രൂപയില്‍ കുടുതല്‍ അന്നും കിട്ടി. അയോധ്യ ഹോട്ടലില്‍ നിന്ന്‌ ചിക്കന്‍ ബിരിയാണി തന്നെ കഴിച്ച്‌ ഞങ്ങള്‍ സംതൃപ്‌തിയടഞ്ഞു. വൈകിട്ട്‌ സിനിമാ കണ്ട്‌ വീണ്ടും കൃതാര്‍ഥരായി. ആകെ ഒരു സുഖം. അന്നും അത്ഭുതം സംഭവിച്ചു. വാതില്‍ പൊളിഞ്ഞ വിവരം ആരും ശ്രദ്ധിച്ചിട്ടില്ല. ഏറ്റവും മുന്നിലെ മുറിക്ക്‌ മാത്രമാണ്‌ ഇപ്പോള്‍ വാതിലുള്ളത്‌. അത്‌ തന്നെ രാത്രിയില്‍ പോലും പൂട്ടിയിടില്ല. പകല്‍ റൂമില്‍ആരുമില്ലെങ്കിലും പൂട്ടാറില്ല. മുന്‍വശത്തെ വാതലിന്‌ പൂട്ടുപോലുമില്ല. ഇങ്ങനെ തുറന്നു കിടക്കും. അടുത്ത പോര്‍ഷനിലെ താമസക്കാര്‍ക്ക്‌ ഈ കാരണം കൊണ്ട്‌ തന്നെ ഞങ്ങള്‍ ഒരു അത്ഭുത ജീവികളായിരുന്നു. ഇത്തരം വ്യത്യസ്‌തമായ സ്വഭാവ സവിശേഷതകള്‍ കാരണം അവര്‍ക്ക്‌ ഞങ്ങളോട്‌ ബഹുമാനം വരെ തോന്നിയിരുന്നു. (സത്യത്തില്‍ റൂമില്‍ കള്ളന്‍ കയറിയാല്‍ കഞ്ഞിവെക്കാന്‍ കശ്‌ സംഭാവന തന്നിട്ട്‌ പോകുന്ന അവസ്ഥയായതിനാല്‍ റൂം അടക്കുന്ന പതിവ്‌ ഇല്ലാതായി എന്നതാണ്‌ സത്യം). അടുത്ത ദിവസം പഴയതുപോലെ ആവര്‍ത്തിച്ചു. എല്ലാവരും പോയി. റൂമില്‍ തങ്കച്ചനും ഞാനും മാത്രം. മുന്‍ വശത്തെ വാതിലാണ്‌ ഇനി ഞങ്ങള്‍ക്ക്‌ സ്വന്തമായി ഉള്ളത്‌. അത്‌ പൊളിച്ചാല്‍ പക്ഷെ തിമ്മന്‍ അറിയും. അടുത്ത പോര്‍ഷനിലെ വാതിലുകളില്‍ കൈവെക്കാമെന്ന്‌ വെച്ചാല്‍ അവന്‍മാര്‍ എല്ലാംപൂട്ടിക്കെട്ടി താക്കോലുമായാണ്‌ ജോലിക്കു പോകുന്നത്‌. അപ്പോഴാണ്‌ എനിക്ക്‌ വീണ്ടും ബുദ്ധി വന്നത്‌ ഹാജിയര്‍ ക്വാര്‍ട്ടേഴ്‌സിനു പുറത്ത്‌ സൈഡിലായാണ്‌ ഞങ്ങളുടെ ബാത്ത്‌ റും. നാല്‌ ബാത്ത്‌ റൂമുകള്‍ ഇവിടെയുണ്ട്‌. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്‌.ഞങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്‌. ഇതിന്റെയെല്ലാം വാതില്‍ ചുറ്റുപലകയില്‍ അലുമിനിയും തകിട്‌ അടിച്ചതാണ്‌. അടുത്തുള്ള നാല്‌ ദിവസം കൊണ്ട്‌ ഈ വാതലുകളും ഞങ്ങള്‍ പൊളിച്ചു വിറ്റു. പക്ഷെ ഇത്തവണ പഴയതു പോലെ എളുപ്പമായിരുന്നില്ല കര്യങ്ങള്‍. ആക്കഥയില്‍ നിന്നും അടുത്ത തവണ പറഞ്ഞു തുടങ്ങാം സുഹൃത്തുക്കളെ, ഇപ്പോള്‍ ഇവിടെ നിര്‍ത്താം.

കലാകൃഷ്‌ണന്‍.

2008, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

പറയാതെ പോയ കൂട്ടുകാരി

കൂട്ടുകൂടാന്‍ എനിക്ക് ഇഷ്ടമാണ്,,,,

കൂട്ടുകാര്‍ അധികം ഇല്ല എങ്കിലും,,,,

കൂട്ട് കൂടിയവര്‍ പലരും പിരിഞും പോയി ,,,പലപ്പോഴായി

പറഞിട്ട് പോയവരോട് പരാതിയില്ല,,,

പക്ഷെ പറയാതെ പോയ എന്‍റെ കൂട്ടുകാരി,,,,

നിനോട് നാന്‍ എന്ത് പറയാന്‍