ആരുടെയോ ഒരു കാമുകിയുമായി എനിക്കെന്ത് ബന്ധം. ആര്‍ക്കും അങ്ങനെ ഒരു ബന്ധം ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ അപ്രതീക്ഷിതമായി എനിക്ക് അങ്ങനെയൊരു ബന്ധം ഉണ്ടായി. ബന്ധം എന്ന് പറയുമ്പോള്‍ മാന്യരായ വായനക്കാര്‍ എന്നെ തെറ്റുദ്ധരിക്കരുത്. മറ്റൊരാളുടെ കാമുകിയുമായി സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു ബന്ധത്തിന്റെ പവിത്രമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു സംഭവ കഥയാണിത്. പരിധി എന്നത് ആപേക്ഷികമാണെന്നത് കൊണ്ട് വായനക്കാര്‍ തന്നെ പരിധിയുടെ പരിധി നിശ്ചയിച്ചുകൊള്ളുക.
കൊച്ചിയില്‍ സിജോയുടെ റൂമിലായിരുന്നു രണ്ട് ദിവസം. കൊച്ചി മടുത്തപ്പോള്‍ കോട്ടയത്തേക്ക് ബസ് കയറി. തിങ്കള്‍ രാവിലെ പത്ത് മണിക്ക് കൊച്ചി - കോട്ടയം സൂപ്പര്‍ ഫാസ്റ്റ്. വലിയ തിരക്കില്ല ബസില്‍. ഉറങ്ങാതെ സിജോയോട് രാത്രി മുഴുവന്‍ കഥ പറഞ്ഞതിനാല്‍ നല്ല ഉറക്കം കണ്ണില്‍ കടന്നു കയറുന്നു. തിരക്കൊഴിഞ്ഞ ബസിന്റെ 24 കിളിവാതിലുകളില്‍ വലത് ഭാഗത്ത് മധ്യത്തിലായുള്ള കിളിവാതിലിനോട് ചേര്‍ന്നിരുന്നു. കെ.എസ്.ആര്‍.ടി ബസിന്റെ വൃത്തികെട്ട രൂപമൊന്നും ഭാഗ്യത്തിന് എന്റെ ബസിനില്ല. (എന്റെ ബസ് എന്ന് പറഞ്ഞാല്‍ ഞാനിരിക്കുമ്പോള്‍ ഇത് എന്റേതും കൂടെയാണല്ലോ).വൈറ്റില കഴിഞ്ഞപ്പോഴേ നന്നായി ഞാന്‍ നല്ല ഉറക്കത്തിലായി. ഇടക്കെപ്പോഴെ ബസ് സഡണ്‍ ബ്രേക്ക് ഇട്ടപ്പോഴാണ് ഉറക്കം ഉണര്‍ന്നത്.
ബസ് വൈക്കത്ത് എത്തിയിരിക്കുന്നു. ഇവിടെയും ബസിലേക്ക് കയറാന്‍ അധികം ആളുകളില്ല. സന്തോഷം വിസ്‌തരിച്ചിരുന്ന് യാത്ര ചെയ്യാമല്ലോ. ദേ വരുന്ന ഒരു ``തത്തമ്മ''. നല്ല ഇരുപതുകാരി പെണ്‍കുട്ടി. വേഷം ജീന്‍സും കുര്‍ത്തയും. ബസില്‍ നല്ല ബാക്കി സീറ്റുകളിലെല്ലാം നല്ല ആളുണ്ടെങ്കില്‍ എന്ന് ഞാന്‍ പെട്ടന്ന് ആഗ്രഹിച്ചു. എങ്കില്‍ ഒരു പക്ഷെ അവള്‍ എനിക്കൊപ്പം ഇരുന്നേനെ. പക്ഷെ അതിന് സാധ്യതയില്ല. കറുത്ത ജീന്‍സും, വെളുത്ത കുര്‍ത്തയും അവള്‍ക്ക് നന്നായി ചേരുന്നുണ്ട്. കണ്ടിട്ട് നല്ല ഐശ്വര്യം. എന്താ ഒരു മുഖശ്രീ. എന്താ ഒരു സൗന്ദര്യം. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. എന്താ അവളുടെ ഒരു നടത്തം. ബസില്‍ ചാടികയറിയത് കണ്ടാല്‍ അറിയാം മിടുമിടുക്കിയാണെന്ന്. സ്‌മാര്‍ട്ട് ആന്‍ഡ് ക്യൂട്ട്. ഞാനവള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.
എന്റെ തൊട്ടുമുമ്പിലെ സീറ്റില്‍ കിളിവാതിലിനോട് ചേര്‍ന്ന് ജീന്‍സിട്ട ആ സുന്ദരി വന്നിരുന്നു. അവളുടെ കാതില്‍ അല്‌പം വലിയ സ്വര്‍ണ്ണ വളയമുണ്ട്. ചുരുണ്ട മുടിയാണ്. പുരികം പ്ലക്ക് ചെയ്‌തിരിക്കുന്നു. കണ്‍പീലികളില്‍ മസ്‌കാരയുടെ തിളക്കം. പക്ഷെ ലിപ്‌സ്റ്റിക്കിന്റെ മടുപ്പിക്കുന്ന തിളക്കം അവള്‍ ഒഴിവാക്കിയിട്ടുണ്ട്. കൈയ്യില്‍ ചുവന്ന രണ്ട് കുപ്പിവളയുണ്ട്. കുപ്പുവളകള്‍ എനിക്ക് ഇഷ്‌ടമാണെന്ന് ഇവള്‍ എങ്ങനെയറിഞ്ഞു. കഴുത്തിലെ മാല ഏതെന്ന് നോക്കാന്‍ സമയം കിട്ടിയില്ല.
കൊള്ളാം ഒരു നിമിഷം ഞാനവളുടെ കാമുകനായി. മധുര സ്വപ്‌നങ്ങള്‍ കാണാന്‍ അല്ലെങ്കിലും എനിക്ക് നിമിഷനേരമേ വേണ്ടു. പണ്ടേയുള്ള ശീലമാണ്. പക്ഷെ അവള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തീരിച്ചു വാങ്ങാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല. ഒരു കശ്‌മലന്‍ പുറകെ വന്ന് അവള്‍ക്കൊപ്പമിരിക്കുന്നു. ആരാവും അവന്‍. സുഹൃത്തായിരിക്കും. അല്ലെങ്കില്‍ പിന്നെ...കാത്തിരുന്നു കാണാം എന്ന് കരുതി സമാധാനിച്ചു.
ബസ് വൈക്കത്ത് നിന്ന് നീങ്ങീ തുടങ്ങി.മുന്നിലിരിക്കുന്ന മാലാഖയും, അവള്‍ക്കൊപ്പമുള്ള ചെകുത്താനും എന്തെങ്കിലും സംസാരിക്കുന്നുണ്ടോ. ഞാന്‍ ചെവിയോര്‍ത്തു നോക്കി. എന്റെ ചെവി അല്‌പം വലുതായതിനാല്‍ നല്ല കേള്‍വിശക്തിയാണ്. ഹൊ...സഹിക്കാന്‍ വയ്യ. മുന്നിലെ സീറ്റില്‍ നിന്നും പ്രണയസല്ലാപങ്ങള്‍..പിണക്കങ്ങള്‍.. ഇണക്കങ്ങള്‍. അവന്‍, ആകശ്‌മലന്‍ എന്റെ കറുത്ത ജീന്‍സിട്ട സുന്ദരിയുടെ കാമുകന്‍ തന്നെ. അത് ഉറപ്പിച്ചെടുക്കാന്‍ അനുഭവ സമ്പത്ത് കുറവാണെങ്കിലും അധികം സമയം വേണ്ടി വന്നില്ല. അവള്‍ക്കൊപ്പം ഇരിക്കുന്ന ചെറുപ്പക്കാരനും സുന്ദരന്‍ തന്നെ. പക്ഷെ അതംഗീകരിക്കാന്‍ മനസ് അനുവദിച്ചില്ല.
കൂടോത്രം ചെയ്‌ത് കൊന്നു കളഞ്ഞാല്ലോ ആ പന്നിയെ. പക്ഷെ കൂടോത്രം ചെയ്യണമെങ്കില്‍ പേരും നാളും അറിയണം. അത് ഒരു തടസമാണ്. പിന്നെ ആകെ ചെയ്യാന്‍ കഴിയുന്നത് മനസറിഞ്ഞ് അവനെ ശപിക്കുകയാണ്. അവനോടുള്ള അസൂയ എന്റെയുള്ളില്‍ അണപൊട്ടിയൊഴുകി. ഇടക്കെപ്പോഴോ അവള്‍ അവന്റെ തോളിലോട്ട് കൈയിട്ടുചാഞ്ഞു കിടന്നു. ഛായ് ലജ്ജാവഹം! ഭാരതിയ നാരിമാര്‍ക്ക് ചേര്‍ന്നതാണോ ഇത്. ഞാന്‍ അവളിലും കുറ്റം കണ്ടെത്താന്‍ ശ്രമിച്ചു.
അല്ലെങ്കിലും മുമ്പിലിരിക്കുന്ന അവളുടെ കാമുകന്‍ അത്രക്ക് സുന്ദരനാണോ. ആവാന്‍ തരമില്ല. ഞാന്‍ അവനെ ഒന്ന് എത്തി വലിഞ്ഞ് നോക്കി. ഛയ്. കാല്‍കാശിന് വര്‍ക്കത്തില്ലാത്തവന്‍. അവള്‍ക്ക് പറ്റിയവന്‍ ഞാന്‍ തന്നെ. പക്ഷെ അത് തുറന്ന് പറയാന്‍ പറ്റില്ലല്ലോ. ഇവനെ ഏതെങ്കിലും വകുപ്പില്‍ രണ്ട് ചവിട്ട് കൊടുക്കാന്‍ പറ്റിയാല്‍ നാല് ചവിട്ട് കൊടുത്തിട്ടേ ഞാന്‍ അടങ്ങുകയുള്ളു. പക്ഷെ അതിനും വഴിയില്ല. വിധി. അതിപ്പോള്‍ അവന്റെ കൂടെയാ. ദൈവം വിധിച്ചിരിക്കുന്നത് അവന് തന്നെ. ഞാനൊരു പാവം.
ബസ് കടുത്തുരുത്തി കടന്ന് പോയി. പെട്ടന്ന് കറുത്ത ജീന്‍സിട്ട എന്റെ ,സോറി മുമ്പിലിരിക്കുന്ന ചെകുത്താന്റെ , സുന്ദരി പുറത്തേക്ക് നീട്ടി ഒന്ന് തുപ്പി. തുപ്പിക്കഴിഞ്ഞതും കിളിവാതിലില്‍ നിന്നും തലവലിച്ച് അവന്റെ തോളിലേക്ക് വീണ്ടും സമര്‍പ്പിച്ചു.
ഒരു നിമിഷം എന്തോ ഒരു അസ്വഭാവികത. എന്റെ വലത്തെ തോളിന് താഴെ ഷര്‍ട്ടില്‍ നിന്നും മാറിടത്തിലേക്ക് ഒരു നനവ് പടരുന്ന പോലെ. അവിടേക്ക് കണ്ണ് പായിച്ചപ്പോള്‍ കണ്ട കാഴ്‌ച. സുന്ദരി പുറത്തേക്ക് നീട്ടി തുപ്പിയത് കാറ്റില്‍ പറന്ന് വീണിരിക്കുന്നത് എന്റെ നെഞ്ചത്ത്.
ഈ പാവത്തിന്റെ നെഞ്ചത്തേക്കാണ് അവള്‍ തുപ്പല്‍ സംഭാവന നല്‍കിയിരിക്കുന്നത്. എടി കശ്‌മലേ. അവള്‍ക്കൊപ്പമുള്ള കശ്‌മല. എന്റെ മുന്നിലിരുന്ന് പ്രണയനാടകങ്ങള്‍ കളിക്കുന്നതും പോരാഞ്ഞിട്ട് ഇങ്ങനെയും ഒരു ചെയ്‌ത്തോ. സഹിക്കില്ല ഞാന്‍.
എന്താ ചെയ്യുക. അവളുടെ വെളുത്ത തുപ്പല്‍ ഒരു കറുത്ത അടയാളം പോലെ എന്റെ വലത് മാറിടത്തില്‍ കിടപ്പുണ്ട്. അവള്‍ അവന്റെ തോളിത്ത് ഒന്നുമറിയാതെ കിടക്കുന്നു. വൃത്തികെട്ടവള്‍. സംസ്‌കാരം ഇല്ലാത്തവള്‍. അവളെ മുമ്പ് ഞാന്‍ പുകഴ്‌ത്തിയതിനും ചേര്‍ത്ത് ഞാന്‍ മനസില്‍ ചീത്ത വിളിച്ചു.
എന്തോ ഞാന്‍ അറിയാതെ എന്റെ മനസ് പ്രവൃത്തിച്ചു തുടങ്ങി. മുമ്പിലിരിക്കുന്ന കള്ളക്കാമുകന്റെ തലയില്‍ ഞാന്‍ സാമാന്യം ശക്തിയോടെ ഒരു അടി വെച്ചു കൊടുത്തു. അവന്‍ തിരിച്ച് എന്നെ നോക്കി. എന്തിനാടാ അടിച്ചതെന്ന ഭാവം. എന്താ? അവന്‍ ചോദിച്ചു.
ഞാന്‍ ജീവിതത്തില്‍ അന്നോളം പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ക്രൂരത മുഴുവന്‍ മുഖത്ത് കാണിച്ചു. പോക്രിത്തരം കാണിച്ചിട്ട് എന്താന്നോ?.എനിക്ക് കലിയടങ്ങുന്നില്ല. എന്തോ സംഭവിച്ചെന്ന് കള്ളക്കാമുകന് മനസിലായി.
ബസിലെ അടുത്തുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാം ഞങ്ങളെ നോക്കുന്നു. ഞാന്‍ രംഗം അവര്‍ക്ക് വേണ്ടി ഉഷാറാക്കി കൊടുത്തു. ബസില്‍ ഇരുന്ന് തുപ്പുമ്പോള്‍ മറ്റ് യാത്രക്കാരെ ശ്രദ്ധിക്കേണ്ടേ. ആ പെണ്ണ് തുപ്പിയത് മുഴുവനും എന്റെ ദേഹത്താണല്ലോ വീണത്... }ഞാന്‍ ശക്തിയില്‍ ആക്രോശിച്ചു. ഇത് എന്ത് തോന്ന്യവാസമാടോ...
എന്താ പ്രശ്‌നം കണ്ടക്‌ടര്‍ അടുത്ത് വന്ന് ചോദിച്ചു. ഇവര്‍ എന്റെ ദേഹത്ത് തുപ്പിവെച്ചു. ഞാന്‍ ഒരു മയവുമില്ലാതെ അവരെ കുറ്റവാളികളാക്കി.
ഹഹഹഹഹ. രണ്ടിന്റെയും മുഖത്ത് ഇപ്പോള്‍ രക്തമയമില്ല. കാമുകനും, കാമുകിയും വിളറിവെളുത്തു.
കളിചിരിയും, പ്രണയ സല്ലാപങ്ങളും രണ്ടുപേരും മറന്നു. കടുവക്കൂട്ടില്‍ പെട്ട മാന്‍കുട്ടികളെ പോലെ രണ്ട് ഇണക്കുരിവികള്‍. എന്റെ അസൂയക്ക് പാത്രമായവര്‍.
കണ്ടക്‌ടറോട് കാര്യം പറയുന്നതിനിടയില്‍ പോക്കറ്റിലേക്ക് തിരുകി വെച്ചിരുന്ന പ്രസ്‌കാര്‍ഡ് അറിയാതെയെന്ന പോലെ പുറത്തേക്കിട്ടിരുന്നു. പ്രസ് റിപ്പോര്‍ട്ടര്‍ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന തുറുപ്പ് ചീട്ട്.
ഹഹഹഹഹകണ്ടക്‌ടര്‍ക്ക് എന്നോട് ബഹുമാനമായിക്കഴിഞ്ഞു. ഇനി അയാള്‍ എന്റെ പക്ഷത്തെ നില്‍ക്കു. അല്ലേല്‍ അയാള്‍ക്കുള്ള പണി വേറെയുണ്ട്.
അല്ല സാറേ പോട്ടെന്നേ.. കണ്ടക്‌ടര്‍ എന്ന മയപ്പെടുത്താന്‍ ഒരു ശ്രമം നടത്തി.
എന്ന് പറഞ്ഞാല്‍ പറ്റുമോ, ഇവറ്റകള്‍ക്ക് ഒരു ക്ഷമ ചോദിക്കാനുള്ള മര്യാദപോലുമില്ല. കണ്ടില്ലേ. ഞാന്‍ ഇണക്കുരിവുകളെ മാക്‌സിമം അപഹസിച്ചു.
ബസ് യാത്രക്കാര്‍ക്ക് മുമ്പില്‍ ഞാന്‍ ഒരു സംഭവമായി മാറിയിരിക്കുകയാണ്. സോറി. കാമുകന്‍ അതും പറഞ്ഞ് അവന്റെ ടൗവ്വലെടുത്ത് എന്റെ ദേഹത്ത് തുപ്പല്‍ വീണ ഭാഗം തുടക്കാനാഞ്ഞു.
ഒന്നു പോടോ... ഇപ്പോഴാണോ തനിക്ക് മര്യാദ തോന്നിയത്. എന്തൊക്കെ രോഗങ്ങളുള്ള കാലമാ. പന്നിപ്പനിയും, വൈറസുകളും. തുമ്മിയാല്‍ പോലും രോഗം പടരുന്ന കാലത്താ വല്ലവന്റേം ദേഹത്ത് തുപ്പാന്‍ ഇറങ്ങിയിരിക്കുന്നേ....ഞാന്‍ എന്തൊക്കെയോ പുലമ്പി.
പാവം പെണ്ണ് പേടിച്ച് ഇപ്പോ ബോധം കെടും എന്ന മട്ടില്‍ നില്‍ക്കുകയാണ്. ഞാന്‍ ഒന്നുകൂടി അട്ടഹസിച്ചാല്‍ അവള്‍ തലകറങ്ങി താഴെ വീഴും. ഞാന്‍ അവളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി.
അയാം സോറി. അവളുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു.
ഒരു നിമഷം. എന്ത് അത്ഭുതവും പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന് എനിക്ക് മനസിലായി. കുന്ന് കയറിയ എന്റെ ദേഷ്യം അറിതണുത്ത് വായുവില്‍ ലയിച്ചു. പാവം അറിയാതെ പറ്റിയതല്ലേ. എന്റെയുള്ളിലെ ദയാലു മന്ത്രിച്ചു.
എന്നാലും ഞാന്‍ മസിലുവിടാതെ അവളെ നോക്കി. അവള്‍ പിന്നിലേക്കാഞ്ഞ് ഷാളുകൊണ്ട് എന്റെ മാറിടത്തിലെ തുപ്പല്‍നനവ് തുടച്ചെടുക്കാന്‍ ശ്രമിച്ചു. അറിയാതെ ഞാന്‍ അവള്‍ക്കായി മുന്നോട്ടാഞ്ഞു. ഒരു വിരല്‍പ്പാടകലെ അവളും ഞാനും മുഖത്തോട് മുഖം നിന്നു. ഷാളിന്റെ തുമ്പ് പിടിച്ച അവളുടെ വെളുത്ത കൈ എന്റെ നെഞ്ചില്‍ നാല് തവണ അമര്‍ത്തി തടവി. തുപ്പല്‍ തുടച്ച് മാറ്റിയതാണ്. സോറി. അവളുടെ ചുണ്ടുകള്‍ വീണ്ടും ഒരു തവണ കൂടി മന്ത്രിച്ചു.
അവുടെ നിശ്വാസം എന്റെ മുഖത്ത് തട്ടി. തണുപ്പ്....അവള്‍ക്കും ആ തണുപ്പ് അനുഭവപ്പെട്ടിരിക്കണം. അവളുടെ മുഖത്ത് അവളെ കാമുകന് പോലും കാണാന്‍ കഴിയാത്ത തരത്തില്‍ ഒരു ചിരി വിരിഞ്ഞത് ഞാന്‍ കണ്ടു. ഞാന്‍ അത്ഭുതപ്പെട്ട് എന്നെ സ്വയം നോക്കി. എന്താണ് ആ ചിരിയുടെ അര്‍ഥം. അവള്‍ എന്റെ മുമ്പില്‍ നിന്നും പിന്തിരിച്ചു.
സിറ്റിലേക്ക് ഇരിക്കുന്നതിന് മുമ്പ് തിരിഞ്ഞു നോക്കിയ അവളുടെ മുഖത്ത് വീണ്ടും തണുപ്പ് പരത്തുന്ന ആ ചിരി. കാന്തിക പ്രസരണം പോലെ അത് എന്നിലേക്ക് പാഞ്ഞു. അതെ ഞങ്ങള്‍ പ്രണയിക്കുകയാണോ..അല്ലെങ്കില്‍ പിന്നെ ആ ചിരി എന്തിന്. എവിടെയോ കണ്ട, ഇനി ഒരിക്കലും കാണാന്‍ കഴിയില്ലാത്ത, വെറും നിമിഷങ്ങളുടെ കണ്ടുമുട്ടല്‍ മാത്രമുള്ള ഞങ്ങള്‍ക്കിടയില്‍ പ്രണയത്തിന്റെ തണുപ്പ്.
ഇത് എന്ത് പ്രണയമാണ്. അവള്‍ മറ്റൊരാളുടെ കാമുകിയല്ലേ. അവളുടെ ചിരി വെറുതയല്ല..എന്തോ ഒന്ന് ഉടക്കിയിരിക്കുന്നു. മിഴികള്‍ തമ്മില്‍ രഹസ്യം കൈമാറി എന്ന് സാഹിത്യകാരന്‍മാര്‍ പറയില്ലേ, അത് പോലെ ഒന്ന് സംഭവിച്ചിരിക്കുന്നു. മറ്റൊരാളുടേതൊന്നും ആഗ്രഹിക്കരുതെന്ന് സിദ്ധാന്തം ഞാനൊരു നിമിഷം മറന്ന് പോയി. അവള്‍ക്ക് ഞാന്‍ പ്രണയത്തിന്റെ പുഞ്ചിരി സമ്മാനിച്ചു.
ഏറ്റുമാനുരില്‍ അവര്‍ രണ്ടു പേരും ഇറങ്ങുമ്പോള്‍ ഫുട്ട് ബോര്‍ഡിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് അവള്‍ വിണ്ടും എന്നെ തിരിഞ്ഞു നോക്കി. ഇത്തവണ അവള്‍ ചിരിച്ചില്ല. പക്ഷെ മുഖം ആര്‍ദ്രമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഭാവം. അവടെ സത്യമായും ഞാന്‍ പ്രണയം കണ്ടു, കടലില്‍ തിരയടിക്കുന്നത് പോലെ. എനിക്കത് എഴുതി വെക്കാന്‍ പറ്റുന്നില്ല. ഇത് എന്റെ ഭ്രാന്തമായ ചിന്തയുമല്ല. സത്യമായും എന്റെ കണ്ണുകള്‍ അവളുടെ മുഖത്ത് കണ്ടെത്തിയ കാഴ്‌ചയാണ്.
അവര്‍ പുറത്തിറങ്ങി ബസ് മുന്നോട്ട് നിങ്ങിയപ്പോള്‍ ഞാന്‍ കിളിവാതിലിലൂടെ പുറത്തേക്ക് നോക്കി. എന്റെ നോട്ടം പ്രതീക്ഷിച്ചതുപോലെ അവള്‍ എവിടേക്കോ എന്ന പോലെ എന്നെ നോക്കുന്നു. അവളുടെ കാമുകന്‍ തൊട്ടടുത്ത് വെറുതെ നില്‍പ്പുണ്ട്. ഒരു ജീവതം കൊണ്ട് നേടേണ്ട പ്രണയം ഒരു നിമഷം കൊണ്ട് നേടിയപോലെ. ബസ് നിങ്ങി തുടങ്ങി. അവള്‍ കാമുകനോട് എന്തോ സംസാരിക്കുന്നു. പക്ഷെ അവന് പോലും മനസിലാകാത്ത രീതിയില്‍ അവളുടെ കണ്ണുകള്‍ അകന്ന് പോകുന്ന എനിക്കൊപ്പം തന്നെ. ബസ് വളവ് തിരഞ്ഞ് മുന്നോട്ട് തന്നെ. അവരെല്ലാം എന്റെ കാഴ്‌ചയില്‍ നിന്നും മറഞ്ഞു.
എന്തൊക്കെയാണ് കഴിഞ്ഞ് പോയത്. കുറച്ച് നിമിഷങ്ങളിലേക്ക് എനിക്ക് ഒരു കാമുകിയെ ലഭിച്ചു. എനിക്ക് ചിരി വന്നു. വെറുതെ ചിരിച്ചു കളയാവുന്നതല്ല ആ പ്രണയം എന്ന് എനിക്ക് മനസിലായി. മനസില്‍ സൂക്ഷിച്ചു വെക്കാവുന്ന നല്ല പ്രണയം. സൗന്ദര്യമുള്ളത്, നിഷ്‌കളങ്കമായത്. ശരി...ഞാന്‍ ഇനി അവളെ കാണാന്‍ പോകുന്നില്ല. ഇനി കണ്ടാല്‍ ആ മുഖം ഓര്‍ക്കാനും പോകുന്നില്ല. കാരണം ആ ചിരിയും, കണ്ണുകളും മാത്രമേ മനസിലുള്ളു. ബാക്കിയെല്ലാം അവള്‍ക്കൊപ്പം പോയിരിക്കുന്നു.