CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2009, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ആരുടെയോ കാമുകി......

ആരുടെയോ ഒരു കാമുകിയുമായി എനിക്കെന്ത്‌ ബന്ധം. ആര്‍ക്കും അങ്ങനെ ഒരു ബന്ധം ഉണ്ടാവാന്‍ സാധ്യതയില്ല. എന്നാല്‍ അപ്രതീക്ഷിതമായി എനിക്ക്‌ അങ്ങനെയൊരു ബന്ധം ഉണ്ടായി. ബന്ധം എന്ന്‌ പറയുമ്പോള്‍ മാന്യരായ വായനക്കാര്‍ എന്നെ തെറ്റുദ്ധരിക്കരുത്‌. മറ്റൊരാളുടെ കാമുകിയുമായി സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു ബന്ധത്തിന്റെ പവിത്രമായ പരിധിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു സംഭവ കഥയാണിത്‌. പരിധി എന്നത്‌ ആപേക്ഷികമാണെന്നത്‌ കൊണ്ട്‌ വായനക്കാര്‍ തന്നെ പരിധിയുടെ പരിധി നിശ്ചയിച്ചുകൊള്ളുക.

കൊച്ചിയില്‍ സിജോയുടെ റൂമിലായിരുന്നു രണ്ട്‌ ദിവസം. കൊച്ചി മടുത്തപ്പോള്‍ കോട്ടയത്തേക്ക്‌ ബസ്‌ കയറി. തിങ്കള്‍ രാവിലെ പത്ത്‌ മണിക്ക്‌ കൊച്ചി - കോട്ടയം സൂപ്പര്‍ ഫാസ്റ്റ്‌. വലിയ തിരക്കില്ല ബസില്‍. ഉറങ്ങാതെ സിജോയോട്‌ രാത്രി മുഴുവന്‍ കഥ പറഞ്ഞതിനാല്‍ നല്ല ഉറക്കം കണ്ണില്‍ കടന്നു കയറുന്നു. തിരക്കൊഴിഞ്ഞ ബസിന്റെ 24 കിളിവാതിലുകളില്‍ വലത്‌ ഭാഗത്ത്‌ മധ്യത്തിലായുള്ള കിളിവാതിലിനോട്‌ ചേര്‍ന്നിരുന്നു. കെ.എസ്‌.ആര്‍.ടി ബസിന്റെ വൃത്തികെട്ട രൂപമൊന്നും ഭാഗ്യത്തിന്‌ എന്റെ ബസിനില്ല. (എന്റെ ബസ്‌ എന്ന്‌ പറഞ്ഞാല്‍ ഞാനിരിക്കുമ്പോള്‍ ഇത്‌ എന്റേതും കൂടെയാണല്ലോ).വൈറ്റില കഴിഞ്ഞപ്പോഴേ നന്നായി ഞാന്‍ നല്ല ഉറക്കത്തിലായി. ഇടക്കെപ്പോഴെ ബസ്‌ സഡണ്‍ ബ്രേക്ക്‌ ഇട്ടപ്പോഴാണ്‌ ഉറക്കം ഉണര്‍ന്നത്‌.

ബസ്‌ വൈക്കത്ത്‌ എത്തിയിരിക്കുന്നു. ഇവിടെയും ബസിലേക്ക്‌ കയറാന്‍ അധികം ആളുകളില്ല. സന്തോഷം വിസ്‌തരിച്ചിരുന്ന്‌ യാത്ര ചെയ്യാമല്ലോ. ദേ വരുന്ന ഒരു ``തത്തമ്മ''. നല്ല ഇരുപതുകാരി പെണ്‍കുട്ടി. വേഷം ജീന്‍സും കുര്‍ത്തയും. ബസില്‍ നല്ല ബാക്കി സീറ്റുകളിലെല്ലാം നല്ല ആളുണ്ടെങ്കില്‍ എന്ന്‌ ഞാന്‍ പെട്ടന്ന്‌ ആഗ്രഹിച്ചു. എങ്കില്‍ ഒരു പക്ഷെ അവള്‍ എനിക്കൊപ്പം ഇരുന്നേനെ. പക്ഷെ അതിന്‌ സാധ്യതയില്ല. കറുത്ത ജീന്‍സും, വെളുത്ത കുര്‍ത്തയും അവള്‍ക്ക്‌ നന്നായി ചേരുന്നുണ്ട്‌. കണ്ടിട്ട്‌ നല്ല ഐശ്വര്യം. എന്താ ഒരു മുഖശ്രീ. എന്താ ഒരു സൗന്ദര്യം. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം. എന്താ അവളുടെ ഒരു നടത്തം. ബസില്‍ ചാടികയറിയത്‌ കണ്ടാല്‍ അറിയാം മിടുമിടുക്കിയാണെന്ന്‌. സ്‌മാര്‍ട്ട്‌ ആന്‍ഡ്‌ ക്യൂട്ട്‌. ഞാനവള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി.

എന്റെ തൊട്ടുമുമ്പിലെ സീറ്റില്‍ കിളിവാതിലിനോട്‌ ചേര്‍ന്ന്‌ ജീന്‍സിട്ട ആ സുന്ദരി വന്നിരുന്നു. അവളുടെ കാതില്‍ അല്‌പം വലിയ സ്വര്‍ണ്ണ വളയമുണ്ട്‌. ചുരുണ്ട മുടിയാണ്‌. പുരികം പ്ലക്ക്‌ ചെയ്‌തിരിക്കുന്നു. കണ്‍പീലികളില്‍ മസ്‌കാരയുടെ തിളക്കം. പക്ഷെ ലിപ്‌സ്റ്റിക്കിന്റെ മടുപ്പിക്കുന്ന തിളക്കം അവള്‍ ഒഴിവാക്കിയിട്ടുണ്ട്‌. കൈയ്യില്‍ ചുവന്ന രണ്ട്‌ കുപ്പിവളയുണ്ട്‌. കുപ്പുവളകള്‍ എനിക്ക്‌ ഇഷ്‌ടമാണെന്ന്‌ ഇവള്‍ എങ്ങനെയറിഞ്ഞു. കഴുത്തിലെ മാല ഏതെന്ന്‌ നോക്കാന്‍ സമയം കിട്ടിയില്ല.

കൊള്ളാം ഒരു നിമിഷം ഞാനവളുടെ കാമുകനായി. മധുര സ്വപ്‌നങ്ങള്‍ കാണാന്‍ അല്ലെങ്കിലും എനിക്ക്‌ നിമിഷനേരമേ വേണ്ടു. പണ്ടേയുള്ള ശീലമാണ്‌. പക്ഷെ അവള്‍ക്ക്‌ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ തീരിച്ചു വാങ്ങാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല. ഒരു കശ്‌മലന്‍ പുറകെ വന്ന്‌ അവള്‍ക്കൊപ്പമിരിക്കുന്നു. ആരാവും അവന്‍. സുഹൃത്തായിരിക്കും. അല്ലെങ്കില്‍ പിന്നെ...കാത്തിരുന്നു കാണാം എന്ന്‌ കരുതി സമാധാനിച്ചു.

ബസ്‌ വൈക്കത്ത്‌ നിന്ന്‌ നീങ്ങീ തുടങ്ങി.മുന്നിലിരിക്കുന്ന മാലാഖയും, അവള്‍ക്കൊപ്പമുള്ള ചെകുത്താനും എന്തെങ്കിലും സംസാരിക്കുന്നുണ്ടോ. ഞാന്‍ ചെവിയോര്‍ത്തു നോക്കി. എന്റെ ചെവി അല്‌പം വലുതായതിനാല്‍ നല്ല കേള്‍വിശക്തിയാണ്‌. ഹൊ...സഹിക്കാന്‍ വയ്യ. മുന്നിലെ സീറ്റില്‍ നിന്നും പ്രണയസല്ലാപങ്ങള്‍..പിണക്കങ്ങള്‍.. ഇണക്കങ്ങള്‍. അവന്‍, ആകശ്‌മലന്‍ എന്റെ കറുത്ത ജീന്‍സിട്ട സുന്ദരിയുടെ കാമുകന്‍ തന്നെ. അത്‌ ഉറപ്പിച്ചെടുക്കാന്‍ അനുഭവ സമ്പത്ത്‌ കുറവാണെങ്കിലും അധികം സമയം വേണ്ടി വന്നില്ല. അവള്‍ക്കൊപ്പം ഇരിക്കുന്ന ചെറുപ്പക്കാരനും സുന്ദരന്‍ തന്നെ. പക്ഷെ അതംഗീകരിക്കാന്‍ മനസ്‌ അനുവദിച്ചില്ല.

കൂടോത്രം ചെയ്‌ത്‌ കൊന്നു കളഞ്ഞാല്ലോ ആ പന്നിയെ. പക്ഷെ കൂടോത്രം ചെയ്യണമെങ്കില്‍ പേരും നാളും അറിയണം. അത്‌ ഒരു തടസമാണ്‌. പിന്നെ ആകെ ചെയ്യാന്‍ കഴിയുന്നത്‌ മനസറിഞ്ഞ്‌ അവനെ ശപിക്കുകയാണ്‌. അവനോടുള്ള അസൂയ എന്റെയുള്ളില്‍ അണപൊട്ടിയൊഴുകി. ഇടക്കെപ്പോഴോ അവള്‍ അവന്റെ തോളിലോട്ട്‌ കൈയിട്ടുചാഞ്ഞു കിടന്നു. ഛായ്‌ ലജ്ജാവഹം! ഭാരതിയ നാരിമാര്‍ക്ക്‌ ചേര്‍ന്നതാണോ ഇത്‌. ഞാന്‍ അവളിലും കുറ്റം കണ്ടെത്താന്‍ ശ്രമിച്ചു.

അല്ലെങ്കിലും മുമ്പിലിരിക്കുന്ന അവളുടെ കാമുകന്‍ അത്രക്ക്‌ സുന്ദരനാണോ. ആവാന്‍ തരമില്ല. ഞാന്‍ അവനെ ഒന്ന്‌ എത്തി വലിഞ്ഞ്‌ നോക്കി. ഛയ്‌. കാല്‍കാശിന്‌ വര്‍ക്കത്തില്ലാത്തവന്‍. അവള്‍ക്ക്‌ പറ്റിയവന്‍ ഞാന്‍ തന്നെ. പക്ഷെ അത്‌ തുറന്ന്‌ പറയാന്‍ പറ്റില്ലല്ലോ. ഇവനെ ഏതെങ്കിലും വകുപ്പില്‍ രണ്ട്‌ ചവിട്ട്‌ കൊടുക്കാന്‍ പറ്റിയാല്‍ നാല്‌ ചവിട്ട്‌ കൊടുത്തിട്ടേ ഞാന്‍ അടങ്ങുകയുള്ളു. പക്ഷെ അതിനും വഴിയില്ല. വിധി. അതിപ്പോള്‍ അവന്റെ കൂടെയാ. ദൈവം വിധിച്ചിരിക്കുന്നത്‌ അവന്‌ തന്നെ. ഞാനൊരു പാവം.

ബസ്‌ കടുത്തുരുത്തി കടന്ന്‌ പോയി. പെട്ടന്ന്‌ കറുത്ത ജീന്‍സിട്ട എന്റെ ,സോറി മുമ്പിലിരിക്കുന്ന ചെകുത്താന്റെ , സുന്ദരി പുറത്തേക്ക്‌ നീട്ടി ഒന്ന്‌ തുപ്പി. തുപ്പിക്കഴിഞ്ഞതും കിളിവാതിലില്‍ നിന്നും തലവലിച്ച്‌ അവന്റെ തോളിലേക്ക്‌ വീണ്ടും സമര്‍പ്പിച്ചു.

ഒരു നിമിഷം എന്തോ ഒരു അസ്വഭാവികത. എന്റെ വലത്തെ തോളിന്‌ താഴെ ഷര്‍ട്ടില്‍ നിന്നും മാറിടത്തിലേക്ക്‌ ഒരു നനവ്‌ പടരുന്ന പോലെ. അവിടേക്ക്‌ കണ്ണ്‌ പായിച്ചപ്പോള്‍ കണ്ട കാഴ്‌ച. സുന്ദരി പുറത്തേക്ക്‌ നീട്ടി തുപ്പിയത്‌ കാറ്റില്‍ പറന്ന്‌ വീണിരിക്കുന്നത്‌ എന്റെ നെഞ്ചത്ത്‌.

ഈ പാവത്തിന്റെ നെഞ്ചത്തേക്കാണ്‌ അവള്‍ തുപ്പല്‍ സംഭാവന നല്‍കിയിരിക്കുന്നത്‌. എടി കശ്‌മലേ. അവള്‍ക്കൊപ്പമുള്ള കശ്‌മല. എന്റെ മുന്നിലിരുന്ന്‌ പ്രണയനാടകങ്ങള്‍ കളിക്കുന്നതും പോരാഞ്ഞിട്ട്‌ ഇങ്ങനെയും ഒരു ചെയ്‌ത്തോ. സഹിക്കില്ല ഞാന്‍.

എന്താ ചെയ്യുക. അവളുടെ വെളുത്ത തുപ്പല്‍ ഒരു കറുത്ത അടയാളം പോലെ എന്റെ വലത്‌ മാറിടത്തില്‍ കിടപ്പുണ്ട്‌. അവള്‍ അവന്റെ തോളിത്ത്‌ ഒന്നുമറിയാതെ കിടക്കുന്നു. വൃത്തികെട്ടവള്‍. സംസ്‌കാരം ഇല്ലാത്തവള്‍. അവളെ മുമ്പ്‌ ഞാന്‍ പുകഴ്‌ത്തിയതിനും ചേര്‍ത്ത്‌ ഞാന്‍ മനസില്‍ ചീത്ത വിളിച്ചു.

എന്തോ ഞാന്‍ അറിയാതെ എന്റെ മനസ്‌ പ്രവൃത്തിച്ചു തുടങ്ങി. മുമ്പിലിരിക്കുന്ന കള്ളക്കാമുകന്റെ തലയില്‍ ഞാന്‍ സാമാന്യം ശക്തിയോടെ ഒരു അടി വെച്ചു കൊടുത്തു. അവന്‍ തിരിച്ച്‌ എന്നെ നോക്കി. എന്തിനാടാ അടിച്ചതെന്ന ഭാവം. എന്താ? അവന്‍ ചോദിച്ചു.

ഞാന്‍ ജീവിതത്തില്‍ അന്നോളം പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത ക്രൂരത മുഴുവന്‍ മുഖത്ത്‌ കാണിച്ചു. പോക്രിത്തരം കാണിച്ചിട്ട്‌ എന്താന്നോ?.എനിക്ക്‌ കലിയടങ്ങുന്നില്ല. എന്തോ സംഭവിച്ചെന്ന്‌ കള്ളക്കാമുകന്‌ മനസിലായി.

ബസിലെ അടുത്തുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാം ഞങ്ങളെ നോക്കുന്നു. ഞാന്‍ രംഗം അവര്‍ക്ക്‌ വേണ്ടി ഉഷാറാക്കി കൊടുത്തു. ബസില്‍ ഇരുന്ന്‌ തുപ്പുമ്പോള്‍ മറ്റ്‌ യാത്രക്കാരെ ശ്രദ്ധിക്കേണ്ടേ. ആ പെണ്ണ്‌ തുപ്പിയത്‌ മുഴുവനും എന്റെ ദേഹത്താണല്ലോ വീണത്‌... }ഞാന്‍ ശക്തിയില്‍ ആക്രോശിച്ചു. ഇത്‌ എന്ത്‌ തോന്ന്യവാസമാടോ...

എന്താ പ്രശ്‌നം കണ്ടക്‌ടര്‍ അടുത്ത്‌ വന്ന്‌ ചോദിച്ചു. ഇവര്‍ എന്റെ ദേഹത്ത്‌ തുപ്പിവെച്ചു. ഞാന്‍ ഒരു മയവുമില്ലാതെ അവരെ കുറ്റവാളികളാക്കി.

ഹഹഹഹഹ. രണ്ടിന്റെയും മുഖത്ത്‌ ഇപ്പോള്‍ രക്തമയമില്ല. കാമുകനും, കാമുകിയും വിളറിവെളുത്തു.

കളിചിരിയും, പ്രണയ സല്ലാപങ്ങളും രണ്ടുപേരും മറന്നു. കടുവക്കൂട്ടില്‍ പെട്ട മാന്‍കുട്ടികളെ പോലെ രണ്ട്‌ ഇണക്കുരിവികള്‍. എന്റെ അസൂയക്ക്‌ പാത്രമായവര്‍.

കണ്ടക്‌ടറോട്‌ കാര്യം പറയുന്നതിനിടയില്‍ പോക്കറ്റിലേക്ക്‌ തിരുകി വെച്ചിരുന്ന പ്രസ്‌കാര്‍ഡ്‌ അറിയാതെയെന്ന പോലെ പുറത്തേക്കിട്ടിരുന്നു. പ്രസ്‌ റിപ്പോര്‍ട്ടര്‍ എന്ന്‌ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന തുറുപ്പ്‌ ചീട്ട്‌.

ഹഹഹഹഹകണ്ടക്‌ടര്‍ക്ക്‌ എന്നോട്‌ ബഹുമാനമായിക്കഴിഞ്ഞു. ഇനി അയാള്‍ എന്റെ പക്ഷത്തെ നില്‍ക്കു. അല്ലേല്‍ അയാള്‍ക്കുള്ള പണി വേറെയുണ്ട്‌.

അല്ല സാറേ പോട്ടെന്നേ.. കണ്ടക്‌ടര്‍ എന്ന മയപ്പെടുത്താന്‍ ഒരു ശ്രമം നടത്തി.

എന്ന്‌ പറഞ്ഞാല്‍ പറ്റുമോ, ഇവറ്റകള്‍ക്ക്‌ ഒരു ക്ഷമ ചോദിക്കാനുള്ള മര്യാദപോലുമില്ല. കണ്ടില്ലേ. ഞാന്‍ ഇണക്കുരിവുകളെ മാക്‌സിമം അപഹസിച്ചു.

ബസ്‌ യാത്രക്കാര്‍ക്ക്‌ മുമ്പില്‍ ഞാന്‍ ഒരു സംഭവമായി മാറിയിരിക്കുകയാണ്‌. സോറി. കാമുകന്‍ അതും പറഞ്ഞ്‌ അവന്റെ ടൗവ്വലെടുത്ത്‌ എന്റെ ദേഹത്ത്‌ തുപ്പല്‍ വീണ ഭാഗം തുടക്കാനാഞ്ഞു.

ഒന്നു പോടോ... ഇപ്പോഴാണോ തനിക്ക്‌ മര്യാദ തോന്നിയത്‌. എന്തൊക്കെ രോഗങ്ങളുള്ള കാലമാ. പന്നിപ്പനിയും, വൈറസുകളും. തുമ്മിയാല്‍ പോലും രോഗം പടരുന്ന കാലത്താ വല്ലവന്റേം ദേഹത്ത്‌ തുപ്പാന്‍ ഇറങ്ങിയിരിക്കുന്നേ....ഞാന്‍ എന്തൊക്കെയോ പുലമ്പി.

പാവം പെണ്ണ്‌ പേടിച്ച്‌ ഇപ്പോ ബോധം കെടും എന്ന മട്ടില്‍ നില്‍ക്കുകയാണ്‌. ഞാന്‍ ഒന്നുകൂടി അട്ടഹസിച്ചാല്‍ അവള്‍ തലകറങ്ങി താഴെ വീഴും. ഞാന്‍ അവളുടെ മുഖത്തേക്ക്‌ രൂക്ഷമായി നോക്കി.

അയാം സോറി. അവളുടെ ചുണ്ടുകള്‍ പതിയെ മന്ത്രിച്ചു.

ഒരു നിമഷം. എന്ത്‌ അത്ഭുതവും പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുമെന്ന്‌ എനിക്ക്‌ മനസിലായി. കുന്ന്‌ കയറിയ എന്റെ ദേഷ്യം അറിതണുത്ത്‌ വായുവില്‍ ലയിച്ചു. പാവം അറിയാതെ പറ്റിയതല്ലേ. എന്റെയുള്ളിലെ ദയാലു മന്ത്രിച്ചു.

എന്നാലും ഞാന്‍ മസിലുവിടാതെ അവളെ നോക്കി. അവള്‍ പിന്നിലേക്കാഞ്ഞ്‌ ഷാളുകൊണ്ട്‌ എന്റെ മാറിടത്തിലെ തുപ്പല്‍നനവ്‌ തുടച്ചെടുക്കാന്‍ ശ്രമിച്ചു. അറിയാതെ ഞാന്‍ അവള്‍ക്കായി മുന്നോട്ടാഞ്ഞു. ഒരു വിരല്‍പ്പാടകലെ അവളും ഞാനും മുഖത്തോട്‌ മുഖം നിന്നു. ഷാളിന്റെ തുമ്പ്‌ പിടിച്ച അവളുടെ വെളുത്ത കൈ എന്റെ നെഞ്ചില്‍ നാല്‌ തവണ അമര്‍ത്തി തടവി. തുപ്പല്‍ തുടച്ച്‌ മാറ്റിയതാണ്‌. സോറി. അവളുടെ ചുണ്ടുകള്‍ വീണ്ടും ഒരു തവണ കൂടി മന്ത്രിച്ചു.

അവുടെ നിശ്വാസം എന്റെ മുഖത്ത്‌ തട്ടി. തണുപ്പ്‌....അവള്‍ക്കും ആ തണുപ്പ്‌ അനുഭവപ്പെട്ടിരിക്കണം. അവളുടെ മുഖത്ത്‌ അവളെ കാമുകന്‌ പോലും കാണാന്‍ കഴിയാത്ത തരത്തില്‍ ഒരു ചിരി വിരിഞ്ഞത്‌ ഞാന്‍ കണ്ടു. ഞാന്‍ അത്ഭുതപ്പെട്ട്‌ എന്നെ സ്വയം നോക്കി. എന്താണ്‌ ആ ചിരിയുടെ അര്‍ഥം. അവള്‍ എന്റെ മുമ്പില്‍ നിന്നും പിന്തിരിച്ചു.

സിറ്റിലേക്ക്‌ ഇരിക്കുന്നതിന്‌ മുമ്പ്‌ തിരിഞ്ഞു നോക്കിയ അവളുടെ മുഖത്ത്‌ വീണ്ടും തണുപ്പ്‌ പരത്തുന്ന ആ ചിരി. കാന്തിക പ്രസരണം പോലെ അത്‌ എന്നിലേക്ക്‌ പാഞ്ഞു. അതെ ഞങ്ങള്‍ പ്രണയിക്കുകയാണോ..അല്ലെങ്കില്‍ പിന്നെ ആ ചിരി എന്തിന്‌. എവിടെയോ കണ്ട, ഇനി ഒരിക്കലും കാണാന്‍ കഴിയില്ലാത്ത, വെറും നിമിഷങ്ങളുടെ കണ്ടുമുട്ടല്‍ മാത്രമുള്ള ഞങ്ങള്‍ക്കിടയില്‍ പ്രണയത്തിന്റെ തണുപ്പ്‌.

ഇത്‌ എന്ത്‌ പ്രണയമാണ്‌. അവള്‍ മറ്റൊരാളുടെ കാമുകിയല്ലേ. അവളുടെ ചിരി വെറുതയല്ല..എന്തോ ഒന്ന്‌ ഉടക്കിയിരിക്കുന്നു. മിഴികള്‍ തമ്മില്‍ രഹസ്യം കൈമാറി എന്ന്‌ സാഹിത്യകാരന്‍മാര്‍ പറയില്ലേ, അത്‌ പോലെ ഒന്ന്‌ സംഭവിച്ചിരിക്കുന്നു. മറ്റൊരാളുടേതൊന്നും ആഗ്രഹിക്കരുതെന്ന്‌ സിദ്ധാന്തം ഞാനൊരു നിമിഷം മറന്ന്‌ പോയി. അവള്‍ക്ക്‌ ഞാന്‍ പ്രണയത്തിന്റെ പുഞ്ചിരി സമ്മാനിച്ചു.

ഏറ്റുമാനുരില്‍ അവര്‍ രണ്ടു പേരും ഇറങ്ങുമ്പോള്‍ ഫുട്ട്‌ ബോര്‍ഡിലേക്ക്‌ കാലെടുത്ത്‌ വെക്കുന്നതിന്‌ മുമ്പ്‌ അവള്‍ വിണ്ടും എന്നെ തിരിഞ്ഞു നോക്കി. ഇത്തവണ അവള്‍ ചിരിച്ചില്ല. പക്ഷെ മുഖം ആര്‍ദ്രമായിരുന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഭാവം. അവടെ സത്യമായും ഞാന്‍ പ്രണയം കണ്ടു, കടലില്‍ തിരയടിക്കുന്നത്‌ പോലെ. എനിക്കത്‌ എഴുതി വെക്കാന്‍ പറ്റുന്നില്ല. ഇത്‌ എന്റെ ഭ്രാന്തമായ ചിന്തയുമല്ല. സത്യമായും എന്റെ കണ്ണുകള്‍ അവളുടെ മുഖത്ത്‌ കണ്ടെത്തിയ കാഴ്‌ചയാണ്‌.

അവര്‍ പുറത്തിറങ്ങി ബസ്‌ മുന്നോട്ട്‌ നിങ്ങിയപ്പോള്‍ ഞാന്‍ കിളിവാതിലിലൂടെ പുറത്തേക്ക്‌ നോക്കി. എന്റെ നോട്ടം പ്രതീക്ഷിച്ചതുപോലെ അവള്‍ എവിടേക്കോ എന്ന പോലെ എന്നെ നോക്കുന്നു. അവളുടെ കാമുകന്‍ തൊട്ടടുത്ത്‌ വെറുതെ നില്‍പ്പുണ്ട്‌. ഒരു ജീവതം കൊണ്ട്‌ നേടേണ്ട പ്രണയം ഒരു നിമഷം കൊണ്ട്‌ നേടിയപോലെ. ബസ്‌ നിങ്ങി തുടങ്ങി. അവള്‍ കാമുകനോട്‌ എന്തോ സംസാരിക്കുന്നു. പക്ഷെ അവന്‌ പോലും മനസിലാകാത്ത രീതിയില്‍ അവളുടെ കണ്ണുകള്‍ അകന്ന്‌ പോകുന്ന എനിക്കൊപ്പം തന്നെ. ബസ്‌ വളവ്‌ തിരഞ്ഞ്‌ മുന്നോട്ട്‌ തന്നെ. അവരെല്ലാം എന്റെ കാഴ്‌ചയില്‍ നിന്നും മറഞ്ഞു.

എന്തൊക്കെയാണ്‌ കഴിഞ്ഞ്‌ പോയത്‌. കുറച്ച്‌ നിമിഷങ്ങളിലേക്ക്‌ എനിക്ക്‌ ഒരു കാമുകിയെ ലഭിച്ചു. എനിക്ക്‌ ചിരി വന്നു. വെറുതെ ചിരിച്ചു കളയാവുന്നതല്ല ആ പ്രണയം എന്ന്‌ എനിക്ക്‌ മനസിലായി. മനസില്‍ സൂക്ഷിച്ചു വെക്കാവുന്ന നല്ല പ്രണയം. സൗന്ദര്യമുള്ളത്‌, നിഷ്‌കളങ്കമായത്‌. ശരി...ഞാന്‍ ഇനി അവളെ കാണാന്‍ പോകുന്നില്ല. ഇനി കണ്ടാല്‍ ആ മുഖം ഓര്‍ക്കാനും പോകുന്നില്ല. കാരണം ആ ചിരിയും, കണ്ണുകളും മാത്രമേ മനസിലുള്ളു. ബാക്കിയെല്ലാം അവള്‍ക്കൊപ്പം പോയിരിക്കുന്നു.

2008, നവംബർ 7, വെള്ളിയാഴ്‌ച

അക്കാദമി കഥകള്‍ പാര്‍ട്ട്‌ - 2

അമലിന്റെ അരിയുണ്ടകള്‍

അക്കാദമി ഹോസ്റ്റലില്‍ കൊല്ലംകാരന്‍ അയ്യപ്പദാസായിരുന്നു എന്റെ സഹമുറിയന്‍. ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ 9ാം നമ്പര്‍ മുറിയായിരുന്നു എന്റേത്‌. തിരെ അടുക്കും ചിട്ടയും ഇല്ലാത്ത റും. എന്നാല്‍ വലിയ മോശവുമില്ല. റൂമിന്റെ ഷെല്‍ഫില്‍ ഞങ്ങള്‍ കഴിച്ച മദ്യക്കുപ്പികള്‍ അടുക്കിവെക്കുമായിരുന്നു. ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെടാവുന്ന സ്വകാര്യ സ്വന്ത്‌. ഹോസ്റ്റല്‍ വിട്ടപ്പോള്‍ ഈ കുപ്പികള്‍ വിറ്റുതന്നെ ഞങ്ങള്‍ രണ്ടോ മൂന്നോ ഫൂള്‌ വാങ്ങിയിരുന്നു. രസകരമായിരുന്നു അക്കാദമി ഹോസ്റ്റലിലെ ഒരു വര്‍ഷം. ദിവസങ്ങളല്ല ഓരോ നിമിഷം പോലും ഏറെ രസകരമായി കടന്നു പോയ നാളുകള്‍. ഒരിക്കലും വിട്ടുമായാത്ത ഓര്‍മ്മകള്‍. ഇനി ഒരിക്കലും തിരച്ചുകിട്ടില്ല എന്ന്‌ ബോധ്യമുള്ളവ.

അക്കാദമി ഹോസ്റ്റലില്‍ പതിമൂന്ന്‌ മുറികളാണ്‌ ഉള്ളത്‌. എന്റെ ബാച്ചില്‍ എല്ലാമുറികളും നിറഞ്ഞിരുന്നു. ആകെ 26 അന്തേവാസികളായിരുന്ന ഹോസ്റ്റലില്‍. 14 ജില്ലകളില്‍ നിന്ന്‌ എത്തിയവര്‍. ഞാനും അയ്യപ്പനും ഏകദേശമൊക്കെ ഓരോ സ്വഭാവക്കാരായിരുന്നു. വെള്ളമടിക്കും, പുസ്‌തകമോ പത്രമോ വായിക്കില്ല, സുഖമായി ഉറങ്ങും, ആവിശ്യത്തിനും, അനാവശ്യത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആവോളം ചെയ്യും. പക്ഷെ ഹോസ്റ്റലില്‍ എല്ലാ മുറികളും ഇങ്ങനെയായിരുന്നില്ല. ഒരിക്കലും ചേരാത്തവര്‍ ചില മുറികളില്‍ താമസിച്ചിരുന്നു. എല്ലാവരെയും ഞാന്‍ വഴിയേ പരിചയപ്പെടുത്താം. ഞങ്ങളുടെ നേരെ എതിരെയുള്ള മുറിയിലെ സഹവാസികള്‍ അമല്‍ രവി എന്ന സ്റ്റെല്‍മാനും, തിമ്മന്‍ എന്ന പാവം മഹേഷുമായിരുന്നു. (തിമ്മനെക്കുറിച്ച്‌ ഞാന്‍ കഴിഞ്ഞ തവണ പറഞ്ഞതാണ്‌). അമലും ഞാനും അയ്യപ്പനും ഓരേ ബാച്ചിലാണ്‌്‌. മഹേഷ്‌ വേറെ ബാച്ചിലാണ്‌. കഴിഞ്ഞ തവണത്തേതു പോലെ ഒരു വലിയ ക്രൂരകൃത്യത്തിന്റെ കഥയാണ്‌ ഞാന്‍ ഇവിടെയും പറയുന്നത്‌. അമല്‍രവിയോട്‌ ഞാനും അയ്യപ്പനും ചെയ്‌ത കൊടിയ ക്രൂരത. (കഴിഞ്ഞ കഥയില്‍ കൂട്ടാളി തങ്കച്ചന്‍, ഈ കഥയില്‍ അയ്യപ്പന്‍, ഞാന്‍ മാത്രം മാറുന്നില്ല. ഇതുകൊണ്ട്‌ ഞാന്‍ ഒരു സ്ഥിരം ക്രൂരനും, കുരുത്തംകെട്ടവനാണെന്ന്‌ തെറ്റുദ്ധരിക്കരുത്‌.) പക്ഷെ ഹാജിയാരുടെ വാതിലു പൊളിച്ചതുപോലെ എനിക്ക്‌ ഈ അമലിനോട്‌ ചെയ്‌ത ക്രൂരതയിലും ഇന്നും പശ്ചാത്താപമില്ല. കാരണം അവന്‍ പെണ്‍കുട്ടികളോട്‌ ഏറെ സംസാരിച്ചിരുന്നു. എനിക്കാണെങ്കില്‍ ഞാനല്ലാതെ വേറെയെവനെങ്കിലും പഞ്ചാരയടിക്കുന്നത്‌ ലവലേശം സഹിക്കില്ല. ജന്മനായുള്ള എന്റെ ഒരു ക്വാളിറ്റിയാണത്‌. അമലും മഹേഷും സഹമുറിയന്‍മാരായതിനാല്‍ അവര്‍ തമ്മില്‍ മിണ്ടുന്നത്‌ അപൂര്‍വ്വ കാഴ്‌ചയായിരുന്നു. അമല്‍ വലിയ ജാഡക്കാരനാണ്‌. എപ്പോഴും ഷൂവും, തൊപ്പിയും ഒക്കെ ധരിച്ച്‌ ഇന്‍ചെയ്‌ത്‌ വലിയ ഗെറ്റപ്പിലേ അവന്‍ നടക്കു. ഉറങ്ങാന്‍ കിടന്നാലും ടിയാന്റെ വേഷങ്ങളില്‍ വലിയ മാറ്റമൊന്നും വരാറില്ല. അത്രക്ക്‌ കേമന്‍. (ഇതു വായിക്കുമ്പോള്‍ അമല്‍ മോശക്കാരനാണെന്ന്‌ ആരും ധരിക്കരുത്‌. അവനെക്കുറിച്ച്‌ ഞാന്‍ പറയുന്നതെല്ലാം ഞങ്ങളുടെ അന്നെത്ത ധാരണകള്‍ വെച്ചാണ്‌. ടിയാന്‍ സത്യത്തില്‍ വളരെ പാവവും സത്യസന്ധനുമാണ്‌.) എന്നാല്‍ മഹേഷ്‌ നേരെ തിരിച്ചാണല്ലോ. അവന്‍ പാവവും ശുദ്ധഗതിക്കാരനുമാണ്‌. അമല്‍ ഫുള്‍ജാഡക്കാരനും, ഒരു മേല്‍ക്കോയ്‌മക്കരനുമാണ്‌. തിമ്മനെക്കൊണ്ട്‌ അമല്‍ എന്നും റൂം വൃത്തിയാക്കിക്കും. ഇതില്‍ തിമ്മിന്‌ യാതൊരു പരാതിയുമില്ല. പാവം അവന്‍ മനുഷ്യസ്‌നേഹിയായതുകൊണ്ട്‌ ഒരു പരാതിയുമില്ലാതെ ഇത്‌ ചെയ്യും. എന്നാല്‍ സ്വന്തം കിടപ്പുമുറി വൃത്തിയാക്കുന്നത്‌ ലോകത്തിലെ ഏറ്റവും അനാവശ്യകാര്യമാണെന്ന്‌ കരുതിയിരുന്ന എനിക്കും അയ്യപ്പനും ഇതില്‍ വലിയ സങ്കടമുണ്ടായിരുന്നു. അമലിനെ ഒതുക്കാന്‍ വേണ്ടി ഞങ്ങള്‍ തിമ്മനെ ഞങ്ങളോടൊപ്പം നില്‍ക്കാന്‍ ക്ഷണിച്ചു പക്ഷെ സഹമുറിയനോടുള്ള ആത്മാര്‍ഥത കാരണം അന്ന്‌ അവന്‍ അത്‌ കേട്ടില്ല. അമലില്‍ നിന്നും പാവപ്പെട്ടവനായ മഹേഷിനെ അഥവാ തിമ്മനെ രക്ഷിക്കാന്‍ ``സേവ്‌ തിമ്മന്‍ ഫോറം'' ഞാനും അയ്യപ്പനും രൂപികരിച്ചിരുന്നു. ആക്കഥയും ഞാന്‍ പിന്നീടൊരിക്കല്‍ പറയാം. അമലിനോടുള്ള ശത്രുത അങ്ങനെ എന്റെ മനസില്‍ കൊടുമ്പിരി കൊള്ളുമ്പോളാണ്‌ ഒരു കാര്യം അയ്യപ്പന്റെ ശ്രദ്ധയില്‍ പെട്ടത്‌. അമല്‍ ഒരു പെണ്‍കുട്ടിയുമായി ചില്ലറ ചുറ്റിക്കളി. ചുറ്റിക്കളി എന്ന്‌ പറഞ്ഞാല്‍ അമല്‍ മാത്രമാണ്‌ ചുറ്റിക്കളിച്ചുകൊണ്ടിരിക്കുന്നത്‌. അവള്‍ക്ക്‌ അത്രക്ക്‌ പിടികൊടുക്കുന്നുമില്ല. എന്നാലും ഞാനും അയ്യപ്പനും വിപന്‍സുമൊക്കെയടങ്ങുന്ന സുന്ദരന്‍മാരുടെ ലോബി ഇരിക്കെച്ചെയ്‌താണ്‌ അമല്‍ ഈ സാഹസത്തിന്‌ മുതിര്‍ന്നിരിക്കുന്നത്‌. (നമ്മുടെ കഥാകാരി പാവം അമലിനെ അലപം വട്ടാക്കുന്നുമുണ്ട്‌ എന്ന്‌ ഞങ്ങള്‍ പിന്നീടാണ്‌ അറിഞ്ഞത്‌. പാവം അമലിനെക്കൊണ്ട്‌ രാത്രികാലങ്ങളില്‍ മിന്നാമിനുങ്ങുകളെ പിടിപ്പിക്കുക, വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിപ്പിക്കുക തുടങ്ങിയ ക്രൂരതകള്‍ ഞങ്ങളെപ്പോലെ ഇവളും ഇവനോട്‌ ചെയ്‌തിരുന്നു.) അമലിനെ ഞാനും അയ്യപ്പനും ചേര്‍ന്ന്‌ പ്രത്യക്ഷമായും പരോക്ഷമായും ദ്രോഹിച്ചതിന്‌ കണക്കില്ല. ( അമലേ എനിക്ക്‌ ഇപ്പോഴും പശ്ചത്താപമില്ലെങ്കിലും നീയെന്നോട്‌ ക്ഷമിക്കുക) ആ ദ്രോഹങ്ങളോരോന്നായി ഞാന്‍ പറയാം. ഇപ്പോള്‍ അമലിനോട്‌ ചെയ്‌ത ആദ്യത്തെ ക്രൂരത ഞാന്‍ വിവരിക്കാം. ഈ ക്രൂരത എത്രത്തോളം കടുത്തുപോയെന്ന്‌ വായിക്കുന്നവര്‍ തീരുമാനിക്കുക. അമല്‍ എല്ലായാഴ്‌ചയിലും വീട്ടില്‍ പോകും. (ഞാന്‍ ഹോസ്റ്റലില്‍ വന്നതില്‍ പിന്നെ ആകെ നാലോ, അഞ്ചോ തവണയാണ്‌ വീട്‌ കണ്ടത്‌, കാസര്‍കോഡ്‌കാരന്‍ സിജോ അങ്ങോട്ട്‌ തിരിഞ്ഞു നോക്കിയിട്ടേയില്ല). വരുമ്പോള്‍ എന്തെങ്കിലും അമല്‍ ഭക്ഷിക്കാന്‍ കൊണ്ടുവരും. കൊണ്ടുവരുന്നത്‌ എല്ലാവര്‍ക്കും വീതിച്ച്‌ തരുമെന്ന്‌ കരുതരുത്‌. അളിയന്‍ അത്‌ തന്നേ തിന്നും. അത്‌ അവന്റെ നല്ല ശീലമാണ്‌. കുറെ നാളായി ഈ സാമദ്രോഹി ഈ പതിവ്‌ തുടങ്ങിയിട്ട്‌. അമലിനെ ശരിക്കും ഒന്ന്‌ ഒതുക്കാന്‍ തന്നെ ഞാനും അയ്യപ്പനും തീരുമാനിച്ചു. ഒരിക്കല്‍ അമല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നത്‌ അരിയുണ്ടയായിരുന്നു. മകന്‌ എന്നും ഭക്ഷിക്കാന്‍ വീട്ടുകാര്‍ പ്രത്യേകമായി തയാറാക്കി നല്‍കിയിരിക്കുന്ന അരിയുണ്ടകള്‍. ഒരു അരിയുണ്ട തിന്നാല്‍ പിന്നെ അന്നത്തെ ദിവസം ഭക്ഷണം കഴിക്കണ്ട. അതുപോലെ മുഴുത്ത്‌ കൊഴുത്ത അരിയുണ്ടകള്‍. ഇത്തവണ അമല്‍ അരിയുണ്ടകള്‍ കുറെപേര്‍ക്കൊക്കെ പങ്കുവെച്ച്‌ കൊടുത്തു. എന്റെയും അയ്യപ്പന്റെയും മുറിയിലെത്തി ഒരു അരിയുണ്ട പകുത്ത്‌ നല്‍കി. പാതി അരിയുണ്ടയില്‍ എന്നെ ഒതുക്കിയതില്‍ എനിക്ക്‌ അമര്‍ഷം തോന്നിയെങ്കിലും തുറന്നു പറഞ്ഞില്ല. തിമ്മനു പോലും അമല്‍ ഒരു അരിയുണ്ടയുടെ പകുതിയെ നല്‍കിയുള്ളു. പക്ഷെ അമലിന്റെ ഇഷ്‌ടക്കാരും താഴത്തെ ഫ്‌ളോറിലെ മര്യാദരാമന്‍മാരായ ഭാസിക്കും റൗഫിനും ഒരു അരിയുണ്ട തിന്നാനുള്ള ഭാഗ്യം ഉണ്ടായി. അമലിന്റെ വലിയ കൂട്ടുകാരാണ്‌ അവര്‍. അതാണ്‌ ഒരു അരിയുണ്ട ലഭിച്ചത്‌. ഇതില്‍ എനിക്ക്‌ ഭാസിയോടും, റൗഫിനോടും അല്‌പം കുശുമ്പും തോന്നി. എന്റെ പാതി അരുയുണ്ട ഒറ്റ `ഗ്ലപ്പിന്‌' വയറ്റിലാക്കിയിട്ട്‌ ഞാന്‍ ഭാസി നുണഞ്ഞു തിന്നുന്ന ഒറ്റ അരിയുണ്ടയിലേക്ക്‌ പാളിനോക്കി. അവന്‍ ആ ഒറ്റ അരിയുണ്ട ആസ്വദിച്ച്‌ തിന്നുകയാണ്‌. അരിയുണ്ട ഉണ്ടാക്കിയ രീതികള്‍ വിവരിച്ച്‌ അമല്‍ സ്വാദ്‌ കൂട്ടിക്കൊടുക്കുന്നുമുണ്ട്‌. എല്ലാംകൊണ്ടും കുശുമ്പും അമര്‍ഷവും എന്നില്‍ വളര്‍ന്നു വലുതായി. ഇതിന്‌ അമലിനെ പണിഞ്ഞിട്ടുതന്നെ കാര്യം. ഞാന്‍ തിരുമാനിച്ചു. കുറച്ച്‌ ദിവസങ്ങള്‍ കടന്നു പോയി അമലിനിട്ട്‌ പണികൊടുക്കാന്‍ ഒരു കാര്യം കിട്ടുന്നില്ല. അമല്‍ വൈകിട്ട്‌ പുറത്തുപോകുമ്പോള്‍ ഞാനും അയ്യപ്പനും തിമ്മന്റെയും അമലിന്റെയും റൂമില്‍ ചെല്ലും. തിമ്മനുമായി വെടിവട്ടവുമായി അങ്ങനെ ഇരിക്കും. (അമല്‍ ഇല്ലാത്തപ്പോഴെ ഞങ്ങള്‍ ആറൂമില്‍ കയറാറുള്ളു.) അങ്ങനെ ഒരു വെള്ളിയാഴ്‌ച വൈകിട്ട്‌ അമല്‍ റൂമില്‍ ഇല്ലാത്തപ്പോള്‍ അവരുടെ റൂമില്‍ ഞങ്ങള്‍ ഇരിക്കുകയാണ്‌. അടുത്ത രണ്ട്‌ ദിവസം അവിധിയായതിനാല്‍ തിമ്മന്‍ വീട്ടില്‍ പോകാനുള്ള തയാറെടുപ്പിലാണ്‌. ഞങ്ങള്‍ രണ്ടു പേരും അമലിന്റെ വൃത്തിയുള്ള കട്ടിലില്‍ ഇരിക്കുന്നു. അമല്‍ കാണാതെ അവന്റെ വിരിച്ച്‌ വെടിപ്പാക്കിയിട്ടിരിക്കുന്ന ബെഡ്ഡില്‍ നാടുമുഴുവന്‍ തെണ്ടിയിട്ട്‌ വന്ന ചെരുപ്പിട്ട്‌ ചവിട്ടുന്നത്‌ എന്റെ സ്വകാര്യ സുഖങ്ങളില്‍ ഒന്നാണ്‌. അങ്ങനെ ചെരുപ്പിട്ട്‌ അവന്റെ കട്ടില്‍ ചവിട്ടിയിരുന്ന്‌ സുഖിക്കുമ്പോഴാണ്‌ എവിടെ നിന്നോ ഒരു മണം വരുന്നത്‌. ഞാന്‍ ഒന്നുകൂടി ശ്വാസം വലിച്ച്‌ മണം പിടിച്ചു. അതേ അരിയുണ്ടയുടെ മണം!. റൂമില്‍ എവിടെയോ അരിയുണ്ട ഒളിപ്പിച്ചിട്ടുണ്ടെന്ന്‌ എന്റെ മനസു പറഞ്ഞു. വാതില്‍ പതിയെ കുറ്റിയിട്ട്‌ ഞാനും അയ്യപ്പനും ഒരു സെര്‍ച്ച്‌ നടത്തി. അതാ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ കൂടില്‍ കെട്ടിവരിഞ്ഞു മുറിക്കിയ നിലയില്‍ അമ്പതോളം അരിയുണ്ടകള്‍. ഹോ സന്തോഷം കൊണ്ട്‌ തുള്ളിച്ചാടാനാണ്‌ എനിക്ക്‌ തോന്നിയത്‌. കാരണം അമലും അന്ന്‌ വീട്ടില്‍ പോകുകയാണ്‌. അപ്പോള്‍ തന്നെ ഞങ്ങള്‍ ഓരോ അരിയുണ്ടകള്‍ ശാപ്പിട്ടു. മനസ്സിനാകെ ഒരു കുളിര്‍മ്മ. (ഹാജിയാരുടെ വാതില്‍ പൊളിച്ചപ്പോള്‍ അനുഭവപ്പെട്ട അതേ കുളിര്‍മ്മ) (എന്ത്‌ തോന്നിയവാസം കാണിച്ചാലും എന്റെ മനസില്‍ ഈ കുളിര്‍മ്മ അനുഭവപ്പെടും) അരിയുണ്ടകള്‍ പഴയുതപോലെ കട്ടിലിനടിയില്‍ സൂക്ഷിച്ച്‌ ഞങ്ങള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഇരുന്നു. പത്ത്‌ മിനിട്ട്‌ കഴിഞ്ഞപ്പോള്‍ അമല്‍ എത്തി. പതിയെ തന്റെ ബാഗൊക്കെ ശരിയാക്കി. അവന്‍ പോകാന്‍ തുടങ്ങുകയാണ്‌. ഞാന്‍ പതുക്കെ അമലിനോട്‌ ചോദിച്ചു. `` അളിയാ നിന്റെ അരിയുണ്ട എല്ലാം തീര്‍ന്നോടാ, ഇരുപ്പുണ്ടോ ഒരെണ്ണം തിന്നാന്‍''. അമല്‍ നന്നായിത്തന്നെ ഒന്നു ഞെട്ടിയത്‌ എനിക്ക്‌ ഇപ്പോളും ഓര്‍മ്മയുണ്ട്‌. പക്ഷെ ഞെട്ടല്‍ മറച്ച്‌ അളിയന്‍ വിനീതനായി പറഞ്ഞു. ``മൊത്തവും അന്നേ തീര്‍ന്നളിയ ഉണ്ടെങ്കില്‍ നിനക്കൊക്കെ തരില്ലേ''. ശരിയെന്ന്‌ ഞങ്ങള്‍ തലകുലിക്കി. തിര്‍ന്നുപോയ അരിയുണ്ടകളെ ഓര്‍ത്ത്‌ വിഷമിക്കുന്നതായി ഭാവിച്ചു. മനസില്‍ പന്ന ഡാഷ്‌ മോനെ എന്ന്‌ വിളിച്ചു. അമല്‍ പതിയെ പോയി. അവന്റെ വീട്‌ കായംകുളത്താണ്‌. ഇനി തിങ്കളാഴചയെ ലാന്‍ഡ്‌ ചെയ്യു. അമല്‍ പോയതും വീണ്ടും ഞങ്ങള്‍ അരിയുണ്ട്‌ പായ്‌ക്കറ്റ്‌ കയ്യിലെടുത്തു. ഇനി ഇവിടെ എന്റെയും അയ്യപ്പന്റെയും സാമ്രാജ്യമാണ്‌. അടിച്ചു തകര്‍ക്കണം. ഓരോ അരിയുണ്ടകള്‍ കൂടി ഞങ്ങള്‍ മൂവരും തിന്നു. എന്റെ മനസ്സിലെ കുളിര്‍മ്മ മനസുപൊട്ടിച്ച്‌ പുറത്തു ചാടുമെന്ന സ്ഥിതിയായി. വീട്ടില്‍ പോകാന്‍ നിന്ന തിമ്മനെ രണ്ട്‌ അരിയുണ്ടകള്‍ കൂടി തീറ്റിച്ച്‌ ഞങ്ങള്‍ യാത്രയാക്കി. അമല്‍ പോകുമ്പോള്‍ റൂം പൂട്ടിയിട്ടാണ്‌ പോകുക. തിമ്മനും പോകുമ്പോള്‍ റൂം പുട്ടും. എല്ലാ റൂമുകള്‍ക്കും രണ്ട്‌ താക്കോലുണ്ട്‌. ഇതുകൊണ്ട്‌ ഞങ്ങള്‍ റൂമില്‍ കയറില്ലെന്നും താന്‍ ഒളിച്ചു വെച്ചിരിക്കുന്ന അരിയുണ്ട കാണില്ലെന്നുമുള്ള ധൈര്യത്തിലാണ്‌ അമല്‍ രവി പോയിരിക്കുന്നത്‌. പക്ഷെ തിമ്മന്റെ കൈയ്യില്‍ നിന്നും ഞങ്ങള്‍ റൂമിന്റെ താക്കോല്‍ വാങ്ങിവെച്ചിരുന്നു. ഇനി രണ്ടു ദിവസം ഈ റൂംകൂടി ഞങ്ങളുടെ സാമ്രാജ്യത്തില്‍ പെടും. അന്ന്‌ രാത്രിയായപ്പോളേക്കും ഞങ്ങള്‍ പത്ത്‌ അരിയുണ്ടകള്‍ അകത്താക്കി. വേറൊന്നും കഴിക്കാന്‍ പറ്റുന്നില്ല. അരുയുണ്ട അത്രക്ക്‌ ഹെവിയാണ്‌. എന്താ ചെയ്യുക നേരെ പ്രേമേട്ടന്റെ കടയില്‍ ചെന്ന്‌ രാവിലെ വരുന്ന ചെത്തുകാരന്റെ കയ്യില്‍ നിന്നും നാല്‌ കുപ്പികള്ള്‌ വാങ്ങി വെക്കാന്‍ ഏര്‍പ്പാടാക്കി. അമല്‍ വരുമ്പോളേക്കും ഈ അരിയുണ്ടകള്‍ മൊത്തവും തിന്നു തീര്‍ത്ത്‌ അവനോട്‌ പ്രതികാരം ചെയ്യുക എന്ന ദൈത്യം ഞാന്‍ മനസ്സില്‍ ഏറ്റെടുത്തു. അയ്യപ്പനും അതേ ദൈത്യം അതേ സമയം മനസ്സില്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. എന്തൊരു മനപ്പൊരുത്തം. എനിക്ക്‌ എന്റെ റൂമേറ്റിന്റെ ദുസ്വാഭാവങ്ങളില്‍ എന്നത്തെയും പോലെ വലിയ അഭിമാനം തോന്നി. രാവിലെ തന്നെ ചെത്തുകാരന്റെ കൈയ്യില്‍ നിന്നും ഹോസ്റ്റലില്‍ ശേഷിച്ചിട്ടുള്ള തെണ്ടികളും പിശാചുക്കളുമൊന്നും കാണാതെ ഞങ്ങള്‍ മുറിയിലെത്തിച്ചു. അമലിന്റെ അരിയുണ്ട പായ്‌ക്കറ്റ്‌ അതേ പോലെ ഞങ്ങളുടെ മുറിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്‌തു. കള്ളും അരിയുണ്ടയും. മികച്ച കോമ്പിനേഷന്‍. മനസാകെ കുളിര്‍മ്മ കൊണ്ട്‌ കോരിത്തരിക്കുന്നു. അമലിന്റെ അരിയുണ്ടകള്‍ ഓരോന്നായി തിന്നുമ്പോള്‍ ഞാന്‍ അവയില്‍ `കറുമുറെ' കടിക്കുന്നുണ്ടായിരുന്നു. അമലിനോടുള്ള പക കുറെയൊക്കെ അങ്ങനെ തീര്‍ത്തു. അമലിന്റെ വീട്ടുകാര്‍ നല്ല അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത്‌ തയാറാക്കിയ പൊന്നരിയുണ്ടകള്‍ എന്റെ നോക്കി വീര്‍പ്പടക്കുന്നുണ്ടായിരുന്നു. നല്ല മെഴുമെഴുത്ത അരിയുണ്ടകള്‍ എനിക്ക്‌ വാശിയായി. തീറ്റയുടെ വേഗം കൂടി. കള്ള്‌ പതിയെ തലക്ക്‌ പിടിച്ചുതുടങ്ങി. അപ്പോഴാണ്‌ താഴെ മുറ്റത്ത്‌ ഗോപാകൃഷ്‌ണന്‍ സിറിള്‍, അഭിലാഷ്‌, ഭാസി റൗഫ്‌ തുടങ്ങിവന്‍മാര്‍ ക്രിക്കറ്റ്‌ കളി തുടങ്ങിയത്‌. ക്രിക്കറ്റ്‌ അവന്‍മാര്‍ക്ക്‌ ഭ്രാന്താണ്‌. മണ്ടന്‍മാര്‍. ജനലില്‍ കൂടി കളി ഞങ്ങള്‍ വീക്ഷിക്കം. അവന്‍മാര്‍ക്ക്‌ താഴെ നിന്ന്‌ നോക്കിയാല്‍ കാണാന്‍ പറ്റാത്ത രീതിയില്‍ ഇരുന്ന്‌ അരിയുണ്ടയും കള്ളുമടിക്കും. സുഭിക്ഷമായി ഉച്ചവരെ തള്ളനീക്കി. കള്ള്‌ നല്ലതുപോലെ തലക്ക്‌ പിടിച്ചു. അപ്പോഴാണ്‌ ഗോലാപകൃഷ്‌ണന്‍ എന്തിനോ രണ്ടാം നിലയിലേക്ക്‌ കയറി വരുന്നത്‌. ഗോപാലന്‍ നമ്മുടെ സെറ്റാണ്‌. ഞങ്ങള്‍ എന്ത്‌ തൊട്ടിത്തരം കാണിച്ചാലും ആരോടും പറയില്ല. ഉത്തമനായ മനുഷ്യന്‍. പതിയെ വാതില്‍ തുറന്ന്‌ ഞാന്‍ ഗോപാലനെ അകത്തേക്ക്‌ വിളിച്ചു. അരിയുണ്ടയില്‍ ഒരെണ്ണം കൈയ്യില്‍ വെച്ചുകൊടുത്തു. `ഇതെവിടുന്നു ഒപ്പിച്ചളിയാ', ഗോപാലന്‌ അത്ഭുതം. ചുമ്മാ തിന്നിട്ടു പോഅളിയാ, പിന്നെ തഴെചെന്ന്‌ ഈ സെറ്റപ്പ്‌ വിളമ്പെട്ടാ. ഞാന്‍ ഗോപാലനെ താക്കിത്‌ ചെയ്‌തുവിട്ടു. പത്ത്‌ മിനിട്ടുകള്‍ കൂടി കഴിഞ്ഞു. ``സിക്‌സര്‍'', താഴെ ഗോപാലന്റെ അലര്‍ച്ച. എനിക്ക്‌ കാര്യം മനസിലായി അകത്തുചെന്ന അരിയുണ്ട ഗോപാലനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. പുള്ളി സിക്‌സര്‍ പായിച്ചതിന്റെ ഒച്ചയാണ്‌. പെട്ടന്നാണ്‌ വാതിലില്‍ മുട്ട്‌ കേള്‍ക്കുന്നത്‌. അരിയുണ്ടയും കള്ളുമൊളിപ്പിച്ച്‌ വാതില്‍ തുറക്കുമ്പോള്‍ വാതില്‍ക്കല്‍ ഗോപാലനാണ്‌. ``അളിയാ, അരിയുണ്ട ബാക്കിയുണ്ടോ ഉണ്ടെങ്കില്‍ രണ്ടെണ്ണം കൂടി താ. ഇന്ന്‌ കളിയൊന്ന്‌ കലക്കണം''. ?ഗോപാലന്‍ ഉത്സാഹത്തിലാണ്‌. രണ്ട്‌ മുഴുത്ത അരിയുണ്ടകള്‍ നോക്കിതന്നെ ഗോപാലന്‍ കൊടുത്തു. ഗോപാലന്‍ പിന്നെയും തഴെ ചെന്ന്‌ സിക്‌സറുകള്‍ പറത്തി. നാലുമണിയായപ്പോഴേക്കും അരിയുണ്ടകള്‍ ഏതാണ്ട്‌ ഇരുപതെണ്ണം മാത്രം ബാക്കിയായി. പിറ്റേന്ന്‌ രാവിലെയും രണ്ട്‌ കുപ്പിക്കള്ള്‌ റൂമിലെത്തിച്ചു. ബാക്കി അരിയുണ്ടകളും ഞങ്ങളുടെ വയറ്റിലായി. മനസ്സിന്റെ കുളിര്‍മ്മ അതിന്റെ ഉച്ചസ്ഥായില്‍ നിന്ന്‌ വീര്‍പ്പുമുട്ടി. തിങ്കള്‍ രാവിലെ വളരെ പതിയെയായാണ്‌ ഞങ്ങള്‍ ഉണര്‍ന്നത്‌. വളരെ വിഷമിച്ച്‌ ക്ലാസില്‍ വരെയെത്തി. ഇടവേളയില്‍ തിമ്മനെ കണ്ടു. അരിയുണ്ട കാലിയാക്കിയെന്ന്‌ തിമ്മനെ കണ്ണുകാണിച്ചു. അമല്‍ കളത്തില്‍ എത്തിയിട്ടുണ്ട്‌. നാലു മണിക്ക്‌ അവന്‍ പാത്തുപതുങ്ങി അരിയുണ്ട അകത്താന്‍ ചെല്ലുമെന്ന്‌ എനിക്കറിയാം. കട്ടിലിനടിയില്‍ അമല്‍ അരിയുണ്ട തപ്പുന്നതും , ഞെട്ടുന്നതും, നഷ്‌ടമായ അരിയുണ്ടകളെ ഓര്‍ത്ത്‌ കരയുന്നതും ഞാന്‍ സ്വപ്‌നം കണ്ടു. അതുതന്നെ സംഭവിച്ചു. അമല്‍ ചെന്നപ്പോള്‍ അരിയുണ്ടകള്‍ കാണിനില്ല. ആരോടെങ്കിലും ചോദിക്കാന്‍ പറ്റുമോ. തീര്‍ന്നു പോയി എന്ന്‌ പ്രഖ്യാപിച്ചതിനു ശേഷം പാത്തുവെച്ച്‌ തിന്നിരുന്ന അരിയുണ്ടകള്‍. അവയാണ്‌ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. രണ്ട്‌ ദിവസത്തിന്‌ ശേഷമാണ്‌ ഇതിന്റെ റിയാക്ഷന്‍ അമലില്‍ നിന്ന്‌ ഉണ്ടായത്‌. എന്നാലും ഞങ്ങളാണ്‌ പണി കൊടുത്തത്‌ എന്ന്‌ അമല്‍ അറിഞ്ഞില്ല. ആക്കഥ അടുത്ത തവണ പറയാം കൂട്ടുകാരെ ഇപ്പോള്‍ ഇവിടെ
നിര്‍ത്താം.

കലാകൃഷ്‌ണന്‍.