ചില അക്കാദമി കഥകള്‍ ..........
അക്കാദമി കഥകള്‍ എന്ന് പറയുമ്പോള്‍ വലിയ വലിയ അക്കാദമി കാര്യങ്ങളാണ് ഞാന്‍ ഇവിടെ പറയുന്നതെന്ന് വിചാരിക്കരുത്. കൊച്ചി പ്രസ്സ് അക്കാദമിയില്‍ ഞാന്‍ പഠിച്ചിരുന്ന കാലത്തെ ചില തട്ടുപൊളിപ്പന്‍ കഥകളാണിത്. അക്കാദമി ഹോസ്റ്റലിലെ ഒരു വര്‍ഷം കഥകളുടെ വലിയ പുസ്‌തകമാണ്. അതിനു ശേഷം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി തൊഴിലില്ലായ്‌മ അനുഭവിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിലും കഥകള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ സുഹൃത്തുക്കള്‍ എല്ലാം ഓരോ വഴിക്കായിരിക്കുന്നു. പലരെയും കാണുന്നത് തന്നെ അപൂര്‍വ്വം. എന്നാലും കഥകള്‍ക്ക് എന്നും നല്ല തെളിച്ചമാണ് മനസ്സില്‍. കഥകള്‍ അല്ല അവ ചില നല്ല അനുഭവങ്ങള്‍. എന്നും ഓര്‍മ്മിക്കവാന്‍ രസമുള്ളവ....
അക്കാദമിയില്‍ നിന്നും പുറത്തെത്തിയതിനു ശേഷം ഞങ്ങള്‍ വാടകക്ക് താമസിച്ച ആദ്യത്തെ വീട് കാക്കനാട്ടെ ഹാജിയാരുടേതായിരുന്നു. അക്കാദമിയുടെ തൊട്ടടുത്ത് ന്നെയാണ് ഈ വാടക വീട്. ഹാജിയാര്‍ അവിടുത്തെ വലിയ മുസ്സിം പ്രമാണിയും പണക്കാരനുമൊക്കെയാണ്. ഹാജിയാരുടെ മകന്‍ അതിലും വലിയ പുള്ളിയാണ്. മരുമക്കളെല്ലാം പേരുകേട്ടവര്‍. എന്തിന് ഏറെ പറയണം ഹാജിയാരുടെ വീട്ടിലെ സാദാ ജോലിക്കാര്‍ വരെ കേമന്‍മാര്‍. അങ്ങനെയുള്ള ഹാജിയാരുടെ വാടക വീടാണ് മാസം 1200 രൂപ വാടകക്ക് ഞങ്ങള്‍ സ്വന്തമാക്കി താമസം മാറിയത്. വാടക വീട് അതും കൊച്ചിയില്‍ 1200 രൂപക്ക് എന്ന് കേട്ട് ഞെട്ടെണ്ട. വീട് എന്ന് ഞങ്ങള്‍ ഒരു ജാഡക്ക് പറയുന്നതാണ്. ഒപ്പമുണ്ടായിരുന്ന സിജോ ജോസഫ് ( ടിയാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററാണ്.) ഈ വാടക വീടിനെ ഞങ്ങള്‍ എത്തിയപ്പോള്‍ തന്നെ `ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സ്' എന്ന് നാമകരണം ചെയ്‌തു. അപ്പോള്‍ പുറത്ത് പറയാന്‍ ഒന്നുകൂടി ഗമയായി. പക്ഷെ സത്യത്തില്‍ ഈ ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സ് ഒരു ചെറിയ മുറികള്‍ അടങ്ങിയ ഒരു ചായ്‌പ് മാത്രമായിരുന്നു എന്നതായിരുന്നു സത്യം. ഇവിടെ താമസിക്കുന്നത് മുഴുവന്‍ ബാച്ചിലേഴ്‌സ് ആണ്. കാക്കനാട് നെസ്റ്റില്‍ പണിയെടുക്കുന്ന കുറെ ചെറുപ്പക്കാര്‍ ഞങ്ങളുടെ അടുത്ത മുറികളില്‍ ഉണ്ട്. അവര്‍ നിത്യേന പണിയെടുത്ത് അത്യാവശ്യം നന്നായി സമ്പാദിച്ച് അടിച്ചു പൊളിച്ച് കഴിയുന്നവരാണെങ്കിലും ഞങ്ങള്‍ക്ക് അവരോട് പുശ്ചമാണ്. കാരണം ഞങ്ങള്‍ പത്രപ്രവര്‍ത്തകരാണല്ലോ. (അങ്ങനെ അപ്പോള്‍ ആയിട്ടില്ലെങ്കിലും, ആണെന്ന് തന്നെയാണ് ഒരുവെയ്‌പ്പ്.) നാല് ബാച്ചുകള്‍ക്കായി മൂന്ന് മുറികള്‍ വീതമുള്ള പോര്‍ഷന്‍ വീതിച്ചു നല്‍കിയിരിക്കുകയാണ് ഹാജിയാര്‍ ഇവിടെ. പലപ്പോഴായി ഞങ്ങളുടെ കൂടെ പഠിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ഇവിടെ താമസിച്ചിട്ടുണ്ട്. കൊച്ചിയില്‍ തന്നെയാണെങ്കിലും അരുണ്‍ എം.ആര്‍ (ടിയാന്‍ ഇപ്പോള്‍ കൊച്ചിയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടറാണ്) എന്ന എം.ആറിനെപ്പോലുള്ളവന്‍മാര്‍ വേറെയും വരും. ഞങ്ങളുടെ ആരുടെയും സുഹൃത്തല്ലാത്ത കണ്ണൂരിലെ നാട്ടില്‍ നിന്നും ഒളിച്ചോടി ് എത്തിയ, പിന്നീട് ഞങ്ങളുടെ വലിയ കൂട്ടുകാരനായ വിനോദ് എന്ന കൗസു വരെ ഇവിടെയാണ് തമസിച്ചത്. ( ഇവന്‍ താമസിയാതെ സ്‌കൂള്‍ അധ്യാപകനായി എന്ന അബന്ധം സംഭവിച്ചു.) ഇവിടെയും ഒരുപാട് കഥകള്‍ അരങ്ങേറിയിട്ടുണ്ട്. ആ കഥകളും കഥാപാത്രങ്ങളുമൊക്കെ ഞാന്‍ പലപ്പോഴായി പറയാം.ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സിലെ ഏറ്റവും മികച്ച കഥ `തങ്കച്ചന്‍' എന്ന കഥാപാത്രം ഉള്‍പ്പെടുന്നതാണ്. (ടിയാന്‍ ഇപ്പോള്‍ കൊച്ചിയില്‍ ഒരു ന്യൂസ് പോര്‍ട്ടലില്‍ സബ്ബ് എഡിറ്ററാണ്). താമസം തുടങ്ങി ഏകദേശം ആറ് മാസം കഴിയുമ്പോളാണ് ഞാനും തങ്കച്ചനും ഒത്തുചേര്‍ന്ന് ആ `ക്രൂര പ്രവര്‍ത്തി' ചെയ്‌തത്. ക്രൂരമെന്ന് പറഞ്ഞാല്‍ ഒരു ഹൗസ്‌ഓണര്‍ക്കും പത്ത് ജന്മം കഴിഞ്ഞാലും മറക്കാനും പൊറുക്കാനും കഴിയാത്ത ക്രൂരത. അങ്ങനെയൊരു പാതകം ഞങ്ങള്‍ ഹാജിയാരോടു ചെയ്‌തു. (പക്ഷെ എന്റെയും തങ്കച്ചന്റെയും മനസ്സില്‍ അഞ്ച് നായാപൈസയുടെ കുറ്റബോധം അന്നും ഇല്ല ഇന്നും ഇല്ല.)ഞങ്ങള്‍ അക്കാദമികൂട്ടുകാരുടെ ഏറ്റവും പ്രീയപ്പെട്ടവനായ തിമ്മന്‍ എന്ന വിളിപ്പേരുള്ള മഹേഷ് കുമാറാണ് ഹാജിയാരോട് വീട് വാടകക്ക് എടുത്ത് കരാര്‍ ഒപ്പിട്ടത്. ( ഇദ്ദേഹം ഇപ്പോള്‍ കൊച്ചിയിലെ ഒരു ചാനല്‍ ഡെസ്‌കില്‍ അന്താരാഷ്‌ട്ര വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നു.) `കര്‍ക്കശക്കാരന്‍, പരോപകാരി, സത്യസന്ധന്‍, അടക്കുംചിട്ടയുമുള്ളവന്‍, മറ്റുള്ളവരുടെ കാശുവാങ്ങിയാല്‍ തിരിച്ചുകൊടുക്കണം എന്ന് നിര്‍ബന്ധമുള്ളവന്‍, പെണ്‍കുട്ടികളെ മഹിളാരത്‌നങ്ങളായി കരുതി ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവന്‍'... തിമ്മനെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ക്ക് ഈ ബ്ലോഗിന്റെ സ്‌പെയിസ് മതിയാവില്ല. അതുകൊണ്ട് ഇപ്പോള്‍ ഇത്രയും മതി. സൗകര്യം കിട്ടുമ്പോള്‍ ഇനിയും പുകഴ്‌ത്താം. ഇങ്ങനെയൊക്കെയുള്ള തിമ്മന്‍ വാടകക്കരാര്‍ ഒപ്പിട്ടതിനാല്‍ അവിടെ കൃത്യമായി വാടക കൊടുക്കണം എന്ന് ആഗ്രഹമുള്ള ഏക വ്യക്തിയും തിമ്മനായി മാറി. ബാക്കിയാര്‍ക്കും അങ്ങനെയൊരു ഭാവമേയില്ല. പ്രത്യേകിച്ചും സജേഷിന്. (ടിയാനും ഇപ്പോള്‍ ചാനല്‍ മാധ്യമപ്രവര്‍ത്തകനാണ്) എനിക്കും തീരെയില്ല. പക്ഷെ വല്ലപ്പോഴുമൊക്കെ ഞാന്‍ തിമ്മന്റെ പക്ഷത്തും നില്‍ക്കും. (ഇതിന് പിന്നില്‍ ചില കാരണങ്ങളുണ്ട് അത് പിന്നീട് പറയാം)അതെല്ലാം പോട്ടെ ഞാനും തങ്കച്ചനും ഹാജിയാരോട് ചെയ്‌ത ക്രൂരതയിലേക്ക് വരാം. ഇവിടെ പ്രധാന കഥ അതാണല്ലോ? ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തപ്പെട്ട മിടുക്കന്‍മാരും ബുദ്ധിജീവികളുമായ ഞങ്ങളെല്ലാം മികച്ച മടിയന്‍മാരുമായിരുന്നു. എങ്ങനെ കൃത്യമായി ഇവരെല്ലാം ഒത്തു ചേര്‍ന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അത്രക്ക് കോമ്പിനേഷനായിരുന്നു അവിടെ താമസിച്ച ഞങ്ങള്‍ പത്ത് പന്ത്രണ്ട് പേര്‍ തമ്മില്‍. എന്നാല്‍ ദിവസങ്ങള്‍ കഴിയെ എല്ലാവന്റെയും കീശ കാലിയായി തുടങ്ങി. വിശപ്പ് സഹിക്കാന്‍ നിവൃത്തിയില്ലാതെ മിക്കവനും കിട്ടുന്ന ജോലിക്കൊക്കെ പോകാന്‍ തുടങ്ങി. (ഞാനും, തങ്കച്ചനും ഒഴിച്ച്) ജോലി കിട്ടിതെ വന്നവര്‍ വീട്ടിലേക്ക് പോയി തുടങ്ങി. അവസാനം പകല്‍ ആ ക്വാര്‍ട്ടേഴ്‌സില്‍ ഞാനും തങ്കച്ചനും ഒറ്റപ്പെട്ട ദിവസങ്ങള്‍ വന്നു ചേര്‍ന്നു. തങ്കച്ചന്‍ എന്റെ ജുനിയറായി അവിടെ പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ അവന് അക്കാദമിയിലേക്ക് പോകാറില്ല. ഫുള്‍ടൈം ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സിലെ അന്തേവാസിയാണ്. അങ്ങനെ വിശന്ന് വലഞ്ഞ് അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ കിണറ്റില്‍ നിന്നും വെള്ളവും കോരിക്കുടിച്ച് ഞാനും തങ്കച്ചനും അങ്ങനെ കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടക്കുകയാണ്. ഞാന്‍ ചില അന്താരാഷ്‌ട്ര കാര്യങ്ങള്‍ തങ്കച്ചനോട് പറഞ്ഞ് വിശപ്പകറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തങ്കച്ചന് അതിന് സാധിക്കുന്നില്ല എന്ന് എനിക്ക് മനസിലായി. വിശന്ന് ബോറടിച്ചാല്‍ തങ്കച്ചന്‍ പിന്നെ ഭ്രാന്തനാകും. ചുമ്മാ കിടന്ന് കൂവുക, ഓടി നടക്കുക ഇതൊക്കെയാണ് അപ്പോഴത്തെ കലാപരിപാടികള്‍. അങ്ങനെ കൂവിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തങ്കച്ചന്റെ ശ്രദ്ധ റുമിലെ വാതിലിലേക്ക് ചെന്നു പെട്ടത്. ``ഈ വാതില്‍ ആണ് ഇനി കഥയിലെ പ്രധാന കഥാപാത്രം. അതുകൊണ്ട് ഇനി വാതലിനെ പരിചയപ്പെടുത്താം. ഈ വാതിലുകള്‍ തടികൊണ്ടുള്ളവയല്ല. പകരം ചുറ്റു പലകയില്‍ അലുമിനിയും ഷീറ്റ് അടിച്ചു വെച്ചിട്ടുള്ളവയാണ്. എന്നുവെച്ചാല്‍ ഒരു വാതിലില്‍ ചുരുങ്ങിയത് പൊളിച്ചു കൊടുത്താല്‍ 300 രൂപ കിട്ടാന്‍ മാത്രമുള്ള അലുമിനിയും തകിടുണ്ട്''. ഇതിന്റെയൊരു സാമ്പത്തിക ലാഭം പെട്ടന്ന് തങ്കച്ചന്റെ തലയില്‍ ഓടി. പതിയെ എന്റെ തലയിലും ആ മഹത്തായ ആശയം തെളിഞ്ഞു വന്നു. (ഞങ്ങള്‍ക്ക് മുമ്പ് ഇവിടെ താമസിച്ച ആര്‍ക്കും ഈ ആശയം തോന്നാതിരുന്നതിന് അന്ന് ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. കാരണം അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേണ്ടി ഈ വാതിലുകള്‍ ഇവിടെ കാണില്ലായിരുന്നല്ലോ)പതിയെ തങ്കച്ചന്‍ തന്റെ ആയുധങ്ങളായ സ്‌ക്രൂഡ്രൈവന്‍, പേനാക്കത്തി, കമ്പിവടി എന്നിവയൊക്കെ തപ്പിയെടുത്തു (ഇതുപോലുള്ള മാരാകായുധങ്ങള്‍ ഞങ്ങള്‍ താമസിച്ചിടങ്ങളിലെല്ലാം സ്റ്റോക്ക് ഉണ്ടായിരുന്നു)ഞങ്ങള്‍ താമസിക്കുന്ന പോര്‍ഷനിലെ മൂന്ന് മുറികളില്‍ ഏറ്റവും അവസാനത്തേതും അടുക്കളയായി തിമ്മന്‍ കണക്കുകൂട്ടിയിരിക്കുന്നതുമായ മുറിയുടെ വാതിലിലാണ് ഞാനും തങ്കച്ചനും ആദ്യം കൈവെച്ചത്. വെറും പത്ത് മിനിറ്റ് കൊണ്ട് ആ വാതില്‍ പൊളിച്ചടുക്കി. ചുറ്റുപലകയില്‍ നിന്ന് അലുമിനിയും ഷീറ്റ് അടര്‍ത്തി മാറ്റി ഒടിച്ചു മടക്കി ഒരു കവറിലാക്കി. ഇതിനിടിയില്‍ ഞാന്‍ ശ്വാസം പോലും വിട്ടില്ല എന്നതാണ് സത്യം. കാരണം ഞങ്ങളുടെ ക്വാര്‍ട്ടേഴ്‌സിന്റെ പുറത്ത് ഹാജിയാരുടെ പറമ്പില്‍ അയാളുടെ ശില്‍ബന്ധികള്‍ ജോലി ചെയ്യുന്നുണ്ട്. അവന്‍മാരെല്ലാം ഘജാഘടിയന്‍മാരും മല്ലന്‍മാരുമാണ്. അവന്‍മാരെങ്ങാനും ഞങ്ങളുടെ ഈ മഹനീയ കര്‍മ്മ കണ്ടാല്‍ തീര്‍ന്നു. പത്രപ്രവര്‍ത്തക വിദ്യാഭ്യാസത്തിന്റെ മഹത്വം നോക്കാതെ അവന്‍മാര്‍ ഞങ്ങളെ ഒടിച്ചു മടക്കും. അത് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് പതുക്കെ മടക്കിയെടുത്ത അലുമിനിയം പാളി ഒരു പ്ലാസ്റ്റിക്ക് കൂടിലാക്കി. എന്ന് ചെറിയൊരു കുളി പാസാക്കി. നല്ല ജീന്‍സും ഷര്‍ട്ടുമിട്ടു. പൗഡര്‍ ശരീരത്തില്‍ വാരിവിതറി. സ്‌പ്രേ പൂശി. ( ഈ സൗന്ദര്യ വര്‍ദ്ധക സാമഗ്രികള്‍ പഠനം കഴിഞ്ഞപ്പോള്‍ തന്നെ ് ഇംഗ്ലീഷ് പത്രത്തില്‍ റിപ്പോര്‍ട്ടറായി ജോലി കിട്ടിയ ബാബുവിന് പത്രസമ്മേളനങ്ങളില്‍ ഗിഫ്‌റ്റ് കിട്ടുന്നതാണ്. അല്ലാതെ കാശകൊടുത്തു വാങ്ങുന്നതല്ല.) അങ്ങനെ നല്ല സുന്ദരക്കുട്ടപ്പന്‍മാരായി ഞാനും തങ്കച്ചനും കവറുമെടുത്ത് ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പുറത്തിറങ്ങി. ഹാജിയാരുടെ വീടിന്റെ മുമ്പില്‍ കൂടിയാണ് മെയിന്‍ റോഡിലേക്ക് കടക്കേണ്ടത്. മെയിന്‍ റോഡിലേക്ക് എത്താറായപ്പോള്‍ അതാ റോഡ് സൈഡില്‍ ഞങ്ങളുടെ എപ്പോഴെത്തെയം പേടി സ്വപ്‌നങ്ങളായ ഹാജിയാരും, മകനും നില്‍ക്കുന്നു. ( നാല് മാസത്തെ വാടക കൊടുക്കാനുള്ളതിനാലാണ് ഞങ്ങള്‍ക്ക് ഈ പേടി.) ഞങ്ങള്‍ മിടുക്കന്‍മാരായി വരുന്നത് കണ്ടപ്പോളെ ഹാജിയാരുടെ മട്ടുമാറി. ``എവിടെടാ കഴിഞ്ഞ നാലു മാസത്തെ വാടക''. ഹാജിയാര്‍ രോഷം കൊണ്ടലറി. ഹോ എന്റെ ഗ്യാസ് കംപ്ലിറ്റ് പോയി. എന്നാലും ഹാജിയാരുടെ രോഷ പ്രകടനം ഞങ്ങളോടല്ല എന്ന ഭാവത്തില്‍ ഞങ്ങള്‍ അടിച്ചുവിട്ടു നടന്നു. മനസ്സില്‍ ഹാജിയാരോടുള്ള ആത്മരോഷം അപ്പോള്‍ നുരഞ്ഞു പൊന്തുകയായിരുന്നു. (ആ നിമിഷം തന്നെ പൊളിക്കാവുന്ന വാതിലുകള്‍ മുഴുവന്‍ ഇവിടെ നിന്നും പൊളിച്ചുമാറ്റുമെന്ന് ഞാന്‍ മനസ്സില്‍ ശപഥം ചെയ്‌തു.)അലുമിനിയം ഷീറ്റുമായി ഞങ്ങള്‍ നേരെ ആക്രി കടയിലെത്തി. ജീവിതത്തില്‍ ആദ്യമായി, താമസിക്കുന്ന വീടിന്റെ വാതില്‍ പൊളിച്ചു വിറ്റ വകയില്‍ കിട്ടിയത് 320 രൂപയായിരുന്നു. അത് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷവും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. (പിന്നീട് ജോലികിട്ടി ആദ്യ ശമ്പളം വാങ്ങിയപ്പോള്‍ പോലും എനിക്ക് വാതില്‍ പൊളിച്ചുവിറ്റ് വാങ്ങിയ 320 രൂപയുടെ സന്തോഷം തോന്നിയിട്ടില്ല. തങ്കച്ചനും ഇതേ മാനസികാവസ്ഥ ആയിരുന്നിരിക്കണം.)മൂന്നുറ്റി ഇരുപത് രൂപക്ക്, പോത്ത് ബിരിയാണി, ഓറഞ്ച് ജ്യൂസ്, ചിക്കന്‍ ഫ്രൈ എന്നിവ അയോധ്യാ ഹോട്ടലില്‍ കയറി വെട്ടി വിഴുങ്ങി. മനസ്സിനും ശരീരത്തിനും ആകെ ഒരു കുളിര്‍മ്മ. എന്തോ വലിയ കാര്യം ചെയ്‌ത പോലെ ഒരു തോന്നല്‍. അടുത്തുള്ള ബിക്ലാസ് തീയറ്ററില്‍ ആറുമണിക്ക് വിജയുടെ സിനിമയായ തിരുമലൈ കാണാന്‍ ഞാനും തങ്കച്ചനും കൂടി പോയി. അപ്പോഴേക്കും ശരീരത്തിനും, മനസ്സിനും അനുഭവപ്പെട്ട കുളിര്‍മ്മ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തി. തീയറ്റനു പുറത്തുള്ള കടയില്‍ നിന്നും ചായയും പഫ്‌സും വാങ്ങിത്തിന് ഞങ്ങള്‍ വീണ്ടും സംതൃപ്‌തി അടഞ്ഞു. എല്ലാം കഴിഞ്ഞ് ബാക്കി വന്ന പത്ത് രൂപക്ക് തീയറ്ററിനു മുന്നില്‍ കണ്ട് ഐസു വില്‍പ്പനക്കാരന്റെ കൈയ്യില്‍ നിന്ന് രണ്ട് സ്റ്റിക്ക് ഐസ് വാങ്ങിത്തിനു. ഹൊ; എന്താ ഒരു സുഖം. ഒരു ലോകം വെട്ടിപ്പിടിച്ച പോലെ. (അങ്ങനെ താമസിക്കുന്ന വീടിന്റെ വാതില്‍ പൊളിച്ചു വിറ്റ് ഞങ്ങള്‍ ചരിത്രത്തില്‍ ഇടം തേടാന്‍ പ്രാപ്‌തരായി. വിശപ്പ് ഞങ്ങളെകൊണ്ട് ചെയ്യിപ്പിച്ചതാണെങ്കിലും എനിക്ക് ഈ കൃത്യത്തില്‍ വലിയ അഭിമാനം തോന്നിയിരുന്നു. ഇപ്പോഴും തോന്നുന്നു.) രാത്രി ഒമ്പത് മണിയായപ്പോള്‍ തിരികെ ഹാജിയാര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി. അവിടെ തിമ്മന്‍, ബാബു, സജേഷ്, സിറിള്‍, ഗോപാലകൃഷ്‌ണന്‍, വിജു, സിജോ തുടങ്ങിയവര്‍ അവരുടെ അന്നത്തെ പണി കഴിഞ്ഞ് വന്നു കിടപ്പുണ്ട്. ( സജേഷും, സിറിളും മാത്രം ജോലിക്കു പോകുന്നതല്ല, അവരുടെ ബൗദ്ധിക വിജ്ഞാനം വര്‍ദ്ധിപ്പിക്കാനും മറ്റുമായി പോകുന്നതാണ്. ഈ കഥകളും ഞാന്‍ പിന്നീട് പറയാം.) എന്ന സന്തോഷിപ്പിച്ച കാര്യം ഞങ്ങള്‍ വാതില്‍ പൊളിച്ചത് ആരും അറിഞ്ഞിട്ടില്ല എന്നതാണ്. എല്ലാവനെയും ജീവിത പ്രശ്‌നങ്ങള്‍ നന്നായി അലട്ടിയിരുന്നതിനാല്‍ ഇതൊന്നും ശ്രദ്ധിച്ചില്ല എന്നത് തന്നെ സത്യം. അരെങ്കിലും അറിഞ്ഞാലും ഒന്നും സംഭവിക്കാനില്ല. അല്ലെങ്കില്‍ തന്നെ ഒരു വീരസാഹസിക കഥ പോലെ ഈക്കാര്യം എല്ലാവന്‍മാരെയും പറഞ്ഞ് കേള്‍പ്പിക്കാനിരിക്കുകയാണ്. പക്ഷെ തിമ്മന്‍ സംഗതി അറിയാന്‍ പാടില്ല. കാരണം അവന്റെ ഗുണഗണങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞല്ലോ. അവന്‍ പ്രശ്‌നമുണ്ടാക്കും. അവന്‍ സത്യസന്ധനാണ്. പക്ഷെ ആരും സംഗതി അറിഞ്ഞില്ല. ആരോടും ഞങ്ങള്‍ പറഞ്ഞില്ല. അടുത്ത ദിവസം വേഗം പുലര്‍ന്നു. റൂമില്‍ നിന്നും തിമ്മന്‍ ആദിയായ പ്രഭുതികള്‍ ഓരോ വഴിക്ക് പോയി. ആരൊക്കെയോ എന്നെയും തങ്കച്ചനെയും ചുമ്മാ പുറത്ത് പോകാം എന്ന് പറഞ്ഞ് വിളിച്ചു. വരുന്നില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ ഒന്നുകൂടി കട്ടിലില്‍ ചേര്‍ന്ന് കിടന്നു. സമയം പതിനൊന്ന് മണി. അടുത്ത പോര്‍ഷനുകളിലെ പിള്ളാരും പോയിക്കഴിഞ്ഞു. ഞാനും തങ്കച്ചനും കര്‍മ്മനിരതരായി. സ്‌ക്രൂഡ്രൈവര്‍, പേനാക്കത്തി തുടങ്ങി പണിയാധുങ്ങള്‍ കൈയ്യിലെടുത്ത് കിടപ്പുമുറിയുടെ വാതിലിനെ ഉന്നം വെച്ചു. പത്തു നിമിഷങ്ങല്‍കൊണ്ട് ആ വാതിലും പൊളിച്ചടുക്കി. അലുമിനിയും ഷീറ്റ് ചുറ്റുപലകയില്‍ നന്നായി അടിച്ച് ഉറപ്പിച്ചിരുന്നതിനാല്‍ ഇളക്കാന്‍ അല്‌പം പാടായിരുന്നു. എന്നാലും ശ്രമകരമായ ജോലി പൂര്‍ത്തിയായി. ഹാജിയാര്‍ എന്ന പണക്കാരനെ ഓര്‍ത്തപ്പോള്‍ എന്റെ മനസ്സില്‍ ഒരു കായംകുളംകൊച്ചുണ്ണി രൂപപ്പെട്ടു. പഴയതു പോലെ സുന്ദരക്കുട്ടപ്പന്‍മാരായി അലുമിനിയം ഷീറ്റ് കവറിലാക്കി ഞാനും തങ്കച്ചനും ആക്രികട ലക്ഷ്യമാക്കി നടന്നു. വഴിയില്‍ തടസങ്ങളൊന്നുമില്ല. ദൈവം പോലും ഞങ്ങളുടെ സൈഡിലായിരുന്നു. മൂന്നൂറ് രൂപയില്‍ കുടുതല്‍ അന്നും കിട്ടി. അയോധ്യ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി തന്നെ കഴിച്ച് ഞങ്ങള്‍ സംതൃപ്‌തിയടഞ്ഞു. വൈകിട്ട് സിനിമാ കണ്ട് വീണ്ടും കൃതാര്‍ഥരായി. ആകെ ഒരു സുഖം. അന്നും അത്ഭുതം സംഭവിച്ചു. വാതില്‍ പൊളിഞ്ഞ വിവരം ആരും ശ്രദ്ധിച്ചിട്ടില്ല. ഏറ്റവും മുന്നിലെ മുറിക്ക് മാത്രമാണ് ഇപ്പോള്‍ വാതിലുള്ളത്. അത് തന്നെ രാത്രിയില്‍ പോലും പൂട്ടിയിടില്ല. പകല്‍ റൂമില്‍ആരുമില്ലെങ്കിലും പൂട്ടാറില്ല. മുന്‍വശത്തെ വാതലിന് പൂട്ടുപോലുമില്ല. ഇങ്ങനെ തുറന്നു കിടക്കും. അടുത്ത പോര്‍ഷനിലെ താമസക്കാര്‍ക്ക് ഈ കാരണം കൊണ്ട് തന്നെ ഞങ്ങള്‍ ഒരു അത്ഭുത ജീവികളായിരുന്നു. ഇത്തരം വ്യത്യസ്‌തമായ സ്വഭാവ സവിശേഷതകള്‍ കാരണം അവര്‍ക്ക് ഞങ്ങളോട് ബഹുമാനം വരെ തോന്നിയിരുന്നു. (സത്യത്തില്‍ റൂമില്‍ കള്ളന്‍ കയറിയാല്‍ കഞ്ഞിവെക്കാന്‍ കശ് സംഭാവന തന്നിട്ട് പോകുന്ന അവസ്ഥയായതിനാല്‍ റൂം അടക്കുന്ന പതിവ് ഇല്ലാതായി എന്നതാണ് സത്യം). അടുത്ത ദിവസം പഴയതുപോലെ ആവര്‍ത്തിച്ചു. എല്ലാവരും പോയി. റൂമില്‍ തങ്കച്ചനും ഞാനും മാത്രം. മുന്‍ വശത്തെ വാതിലാണ് ഇനി ഞങ്ങള്‍ക്ക് സ്വന്തമായി ഉള്ളത്. അത് പൊളിച്ചാല്‍ പക്ഷെ തിമ്മന്‍ അറിയും. അടുത്ത പോര്‍ഷനിലെ വാതിലുകളില്‍ കൈവെക്കാമെന്ന് വെച്ചാല്‍ അവന്‍മാര്‍ എല്ലാംപൂട്ടിക്കെട്ടി താക്കോലുമായാണ് ജോലിക്കു പോകുന്നത്. അപ്പോഴാണ് എനിക്ക് വീണ്ടും ബുദ്ധി വന്നത് ഹാജിയര്‍ ക്വാര്‍ട്ടേഴ്‌സിനു പുറത്ത് സൈഡിലായാണ് ഞങ്ങളുടെ ബാത്ത് റും. നാല് ബാത്ത് റൂമുകള്‍ ഇവിടെയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.ഞങ്ങള്‍ക്കും ഇതില്‍ അവകാശമുണ്ട്. ഇതിന്റെയെല്ലാം വാതില്‍ ചുറ്റുപലകയില്‍ അലുമിനിയും തകിട് അടിച്ചതാണ്. അടുത്തുള്ള നാല് ദിവസം കൊണ്ട് ഈ വാതലുകളും ഞങ്ങള്‍ പൊളിച്ചു വിറ്റു. പക്ഷെ ഇത്തവണ പഴയതു പോലെ എളുപ്പമായിരുന്നില്ല കര്യങ്ങള്‍. ആക്കഥയില്‍ നിന്നും അടുത്ത തവണ പറഞ്ഞു തുടങ്ങാം സുഹൃത്തുക്കളെ, ഇപ്പോള്‍ ഇവിടെ നിര്‍ത്താം.
കലാകൃഷ്‌ണന്‍.
2008, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച
ചില അക്കാദമി കഥകള്‍ ..........
പോസ്റ്റ് ചെയ്‌തത് prkalakrishnan@gmail.com ല്‍ വെള്ളിയാഴ്‌ച, ഒക്‌ടോബർ 31, 2008
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായ(ങ്ങള്‍):
da, kollam..kathakal oronnayi poratte..secretarye therivilichathu, amalinet ariyunda eduthu thinnanthu, nammal marad vedikkettinu poyathu(lets enjoy the thrill of the day) ayyappante call centre training, adichu poosayi vazhiyil kidannathu...list theerunnillaloda..
I appreciate ur creativity.I wud rather say......its amazing....nalloru kalalaya kalam abimanathode orkkan .avasaram orukki thannna kerala press academy kkum.avidethe oooooroooo aluminikkum.eni valarnnu varunnna patrapravarthakarkkum vendiiiiiiiii orayiram bavukangal njan nerunnu......eidekkoyo maranju poya koottukar......ormakalilooooode thirichu varunnathu pole......enthinteyum avasam orrarambam matramanennu vilichithikkunnna eeeee blog........its really beyond words......hats offfffffff
കൊള്ളാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ